
ഒരുപടി മുമ്പേ കോൺഗ്രസ്; തിരുവനന്തപുരം കോർപ്പറേഷനിൽ ശബരീനാഥനെ ഇറക്കി നിർണായക നീക്കം
|48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎൽഎ കെ.എസ് ശബരീനാഥനെ കളത്തിലിറക്കി കോൺഗ്രസിന്റെ നിർണായക നീക്കം. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാനാണ് കോൺഗ്രസ് നീക്കം. കെ.മുരളീധരനാണ് കോർപ്പറേഷനിൽ കോൺഗ്രസിന്റെ ചുമതല.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ അനുകൂല ഘടകങ്ങൾ ഏറെയുണ്ട് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം, മേയർക്ക് എതിരായ ആരോപണങ്ങൾ തുടങ്ങിയവ എൽഡിഎഫിന് തിരിച്ചടിയാവുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായ ബിജെപിക്കും വലിയ നേട്ടമുണ്ടാക്കാനാവില്ല. ഇതെല്ലാം മുന്നിൽ കണ്ടാണ് കോൺഗ്രസ് ഒരു മുഴം നീട്ടി എറിയുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായ കോർപ്പറേഷനാണ് തിരുവനന്തപുരം. 10 സീറ്റിൽ മാത്രമാണ് കഴിഞ്ഞ തവണ വിജയിക്കാനായത്. ഇത്തവണ അത് 51 സീറ്റിലേക്ക് ഉയർത്തുമെന്നാണ് മുരളീധരൻ അവകാശപ്പെടുന്നത്. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കവടിയാർ ഡിവിഷനിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാക്കൾ, കെഎസ്‌യു നേതാക്കൾ, വനിതകൾ, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന ആശ വർക്കർമാരിൽ ഒരാൾ എന്നിവരെയെല്ലാം സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം കുറിക്കും. കെ.മുരളീധരൻ നയിക്കുന്ന ജാഥ നാളെ വൈകിട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ ജാഥ കോർപ്പറേഷനിലെ മുഴുവൻ ഡിവിഷനുകളിലും പ്രയാണം നടത്തും.