
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
|ഇൻഡ്യ സംഖ്യത്തിലെ എല്ലാ പാർട്ടികളെയും ചേർത്ത് പ്രതിഷേധം ആരംഭിക്കും.
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. പുതിയ നിയമത്തിലൂടെ പഞ്ചായത്തിന്റെ അധികാരം നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം നടത്തും. 45 ദിവസം നീണ്ടുനിൽക്കുന്ന ദേശവ്യാപക ക്യാമ്പയിനാണ് നടത്തുക. അതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേരും. 21 മുതൽ സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ലോക്ഭവനും മുന്നിലാണ് ധർണ നടക്കുക. നിയമസഭാ മാർച്ചും ആസൂത്രണം ചെയ്യുന്നുണ്ട്.
ഇൻഡ്യ സംഖ്യത്തിലെ എല്ലാ പാർട്ടികളെയും ചേർത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാം കേന്ദ്രം തീരുമാനിക്കുകയും അതിന്റെ ബുദ്ധിമുട്ട് ഗ്രാമങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. വിബിജി റാം ജി ബിൽ പിൻവലിക്കണമെന്നും പഴയ ബിൽ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിയുടെ പേര് വെട്ടിമാറ്റി പദ്ധതിയെ തന്നെ അട്ടിമറിക്കുന്ന രീതിയിലാണ് പുതിയ ബിൽ അവതരിപ്പിച്ചത്. സ്വാഭാവിക നടപടിക്രമങ്ങൾ ഇല്ലാതാക്കിയാണ് പുതിയ ബിൽ പാസാക്കിയത്. നിയമങ്ങൾ ബുൾഡോസ് ചെയ്യുകയാണ് കേന്ദ്രമെന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേ നാളായി പാർലമെന്റിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ബില്ലിനെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.