
കൊച്ചിയിൽ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ
|കൊച്ചി നഗരസഭയിലെ 38-ാം ഡിവിഷനായ ദേവൻകുളങ്ങരയിലെ കൗൺസിലറായ ശാന്ത വിജയൻ ആണ് ബിജെപിയിൽ ചേർന്നത്
കൊച്ചി: കൊച്ചി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. 38-ാം ഡിവിഷനായ ദേവൻകുളങ്ങരയിലെ കൗൺസിലറായ ശാന്ത വിജയൻ ആണ് ബിജെപിയിൽ ചേർന്നത്. തൃപ്പൂണിത്തുറയിൽവെച്ച് എം.ടി രമേശിൽ നിന്ന് അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്.
നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് ശാന്ത വിജയൻ പറഞ്ഞു. നാടിന്റെ വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വികസനത്തിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലും നേടാൻ കഴിയൂ. ബിജെപിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായി ബിജെപിയിൽ ചേരുകയാണെന്നും അവർ പറഞ്ഞു.
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും എതിരായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു. എല്ലാ നഗരസഭകളിലും എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാരും നേതാക്കളും ബിജെപിയിൽ ചേരുന്നുണ്ട്. ശരിയായ മാർഗമെന്ന തിരിച്ചറിവാണ് കൂടുതൽ ആളുകളെ ബിജെപിയിലേക്ക് ആകർഷിക്കുന്നത്. ഇത് കേരളം മാറ്റത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണെന്നും എം.ടി രമേശ് വ്യക്തമാക്കി.