< Back
Kerala
Congress expelled AK Shanib over Allegation against leadership
Kerala

നേതൃത്വത്തിനെതിരെ ആരോപണം; എ.കെ ഷാനിബിനെ പുറത്താക്കി കോൺഗ്രസ്

Web Desk
|
19 Oct 2024 9:41 PM IST

പാലക്കാട് ഡിസിസിയുടേതാണ് നടപടി.

പാലക്കാട്: കോൺ​ഗ്രസിനും നേതൃത്വത്തിനുമെതിരെ ആരോപണമുന്നയിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബിനെ പുറത്താക്കി പാർട്ടി. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഡിസിസി നടപടി. പുറത്താക്കിയ വിവരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

പാലക്കാട് സ്ഥാനാർഥി നിർണയത്തിനു പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയ പി. സരിനെ കോൺ​ഗ്രസ് പുറത്താക്കുകയും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാവുകയും ചെയ്തതിനു പിന്നാലെയാണ് ഷാനിബും ആരോപണവുമായി രം​ഗത്തെത്തിയത്.


പാലക്കാട്- വടകര- ആറന്മുള കരാർ കോൺഗ്രസും ബിജെപിയും തമ്മിലുണ്ടെന്നും ഇതിന്‍റെ രക്തസാക്ഷിയാണ് കെ. മുരളീധരൻ എന്ന് ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിന്‍റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും ഷാനിബ് പറഞ്ഞിരുന്നു.

ബിജെപിക്ക് രണ്ടാം സ്ഥാനമുള്ള പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ വടകരയിലെത്തിച്ച് മത്സരിപ്പിച്ചു. പാലക്കാട് ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിക്കാനായിരുന്നു ഇതെന്നും ഷാനിബ് പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ പോയ ശേഷം നമ്മളെ കേൾക്കാൻ ആരുമില്ല. അദ്ദേഹം പോയതോടെ കോൺഗ്രസ് ഇല്ലാതായി. അദ്ദേഹത്തിന്റെ പേരിൽ നടത്തുന്ന നാടകങ്ങൾ കണ്ടാണ് ഇതെല്ലാം തുറന്നുപറയുന്നത്.

ഒരുപാട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഇതുപോലെ കാര്യങ്ങൾ തുറന്നുപറയാനുണ്ട്. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്‍റെയും വി.ഡി‌ സതീശന്‍റേയും നേതൃത്വത്തിൽ ഈ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഷാനിബ് ആരോപിച്ചു.

Similar Posts