< Back
Kerala
കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്; രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം
Kerala

'കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്'; രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം

ijas
|
11 April 2022 11:42 AM IST

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ പുതിയ ലക്കത്തില്‍ 'കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ' എന്ന തലക്കെട്ടിലുള്ള ലേഖനം

തൃശ്ശൂര്‍: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രം 'കത്തോലിക്കാ സഭ'. കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ പിന്നിൽ നിന്ന് ചരട് വലിക്കുന്ന രാഹുൽഗാന്ധിയുടെ ഇരട്ടത്താപ്പിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തി. ബിജെപിയുടെ മുദ്രാവാക്യത്തിന് നേതാക്കൾ കുടചൂടി കൊടുക്കുന്നുവെന്നും അതിരൂപതാ മുഖപത്രമായ കത്തോലിക്കാസഭയിലെ ലേഖനത്തിൽ വിമർശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ പുതിയ ലക്കത്തില്‍ 'കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ' എന്ന തലക്കെട്ടിലുള്ള ലേഖനം.

അമ്പത് ശതമാനത്തിലേറെ ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിയുടെ പ്രചരണത്തിനായി. മുസ്‍ലിം സമുദായം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോണ്‍ഗ്രസ്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാര്‍ട്ടി. പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറയുകയും പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായതായും ലേഖനം വിമര്‍ശിക്കുന്നു.


കോണ്‍ഗ്രസിന്‍റെ ദുരവസ്ഥ കാണാന്‍ ഡല്‍ഹി വരെ പോകേണ്ട കാര്യമില്ലെന്നും രണ്ട് തെരഞ്ഞെടുപ്പ് മുമ്പ് വരെ 54ല്‍ 50 സീറ്റും നേടി തൃശൂര്‍ കോർപറേഷന്‍ ഭരിച്ച കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ട് കൂടി ഭരണം തുടരാനായില്ലെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. തൃശൂർ കോർപറേഷനിൽ അധികാരം നഷ്ടമാകാൻ കാരണം ഗ്രൂപ്പ് വടം വലിയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Similar Posts