< Back
Kerala
അല്ലു അർജുനെതിരെ പുതിയ കേസ്; പുഷ്പ 2 ലെ ദൃശ്യങ്ങൾ പൊലീസിനെ അവഹേളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ്
Kerala

അല്ലു അർജുനെതിരെ പുതിയ കേസ്; പുഷ്പ 2 ലെ ദൃശ്യങ്ങൾ പൊലീസിനെ അവഹേളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ്

Web Desk
|
24 Dec 2024 11:41 AM IST

പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ നിയമനടപടി നേരിടുന്നതിനിടെയാണ് പുതിയ കേസ്

ഹൈദരാബാദ്: അല്ലു അർജുനെതിരെ പുതിയ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. പുഷ്പ 2 വിലെ രംഗങ്ങൾ പൊലീസിനെയും നിയമപാലകരെയും അവഹേളിക്കുന്നുവെന്ന് കാണിച്ച് തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അല്ലു അർജുന് പുറമെ സിനിമയുടെ സംവിധായകൻ സുകുമാർ, നിർമാതാക്കൾ എന്നിവർക്കെതിരെ തീൻമാർ മല്ലന്ന നൽകിയ പരാതിയിലാണ് കേസ്. സിനിമയിലെ ഒരു രംഗം പൊലീസുകാരെ അവഹേളിക്കുന്നുവെന്നാണ് കേസ്.

ഫഹദ്‍ ഫാസിൽ അവതരിപ്പിച്ച ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രം നീന്തൽ കുളത്തിൽ വീഴുമ്പോൾ അല്ലു അർജുന്റെ കഥാപാത്രം അതിലേക്ക് മൂത്രമൊഴിക്കുന്നതാണ് രംഗം. ഈ രംഗം പൊലീസ്‌ സേനയെയും നിയമപാലകരെയും അവഹേളിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസുകാരെ അവഹേളിച്ച് ചിത്രീകരിച്ച ഈ സിനിമക്കും സംവിധായകാനായ സുകുമാർ, നായകനായ അല്ലു അർജുൻ, നിർമാതാക്കൾ എന്നിവർക്ക് എതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

പുഷ്പ 2വിന്‍റെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ ഇന്ന് ചോദ്യം ചെയ്യും. ഹൈദരാബാദിലെ ചിക്കിടപ്പിള്ളി പൊലീസാണ് താരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ നിലവിൽ നാലാഴ്ചത്തേക്ക് ജാമ്യത്തിലാണ്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന വിവരങ്ങൾക്കിടെയാണ് ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കം.

Related Tags :
Similar Posts