
കുട്ടനാട് സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ; 'ആരെയെങ്കിലും വെച്ച് തന്നാൽ അവരെ ചുമക്കാനുള്ളവരല്ല തങ്ങൾ'- അനിൽ ബോസ്
|പണം കൊടുത്ത് ആളെ ഇറക്കി മത്സരിപ്പിക്കാനുള്ള സീറ്റല്ല കുട്ടനാട്- അനിൽ ബോസ്
ആലപ്പുഴ: കുട്ടനാട് സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ. ഇനി ഒരു പരീക്ഷണത്തിന് നിൽക്കാൻ കഴിയില്ലെന്നും ആരെയെങ്കിലും വെച്ച് തന്നാൽ അവരെ ചുമക്കാനുള്ള ചുമട്ടുകാരല്ല തങ്ങൾ എന്നും കോൺഗ്രസ് നേതാവ് അനിൽ ബോസ് മീഡിയവണിനോട് പറഞ്ഞു. കുട്ടനാട് സീറ്റ് ലഭിക്കണമെന്നതാണ് മുഴുവൻ മണ്ഡലം കമ്മിറ്റികളുടേയും പൊതുവികാരം. പണം കൊടുത്ത് ആളെ ഇറക്കി മത്സരിപ്പിക്കാനുള്ള സീറ്റല്ല കുട്ടനാടെന്നും അനിൽ ബോസ് പറഞ്ഞു.
1964 ന് ശേഷം കുട്ടനാട് സീറ്റിൽ ഒരിക്കൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. അന്ന് ചെറിയ വോട്ടിനാണ് യുഡിഎഫ് പരാജയപ്പെട്ടത്. നല്ല ജയമുണ്ടാവാൻ കോൺഗ്രസ് മത്സരിക്കണം. വ്യക്തി ആരെന്നതല്ല, കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വരണം എന്നതാണ് ആഗ്രഹം. കഴിഞ്ഞ കുറച്ച് ദിവസമായി 10 പേർ ഇറങ്ങിയിരിക്കയാണ് ഞങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി എന്നു പറഞ്ഞ്. അത് അംഗീകരിക്കാൻ സാധിക്കില്ല. പണമുള്ളവൻ വന്ന് കുറച്ച് പണം കൊടുക്കുക, ട്രസ്റ്റാണ് എന്ന് പറയുക. അതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അനിൽ ബോസ് മീഡിയവണിനോട് പറഞ്ഞു.