
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ; രാജി സാധ്യത തള്ളാതെ കോൺഗ്രസ് നേതാക്കൾ
|രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് ആദ്യമെടുത്തത് വി.ഡി സതീശനാണ്. എന്നാൽ രാജിവെക്കാൻ രാഹുൽ തയ്യാറല്ലെന്നാണ് സൂചനകൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുളള സാധ്യത തള്ളാതെ നേതാക്കൾ. ഗൗരവമേറിയ വിഷയമാണെന്നും വൈകാതെ പാർട്ടി തീരുമാനം അറിയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്. എന്നാൽ രാജിവെക്കാൻ രാഹുൽ തയ്യാറല്ലെന്നാണ് സൂചനകൾ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കടുത്ത നിലപാട് ആദ്യമെടുത്തത് വി.ഡി സതീശനാണ്. പിന്നാലെ രമേശ് ചെന്നിത്തലയും സമാന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ഇതോടെ രാജി ആവശ്യത്തിന് പാർട്ടിയിൽ നിന്നും കൂടുതൽ പിന്തുണ ലഭിച്ചു. നേതാക്കൾ പരസ്യ പ്രതികരണവുമായി എത്തി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ടെലഫോണിൽ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തി. രാഹുൽ രാജിവെക്കുമ്പോൾ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരില്ലേ എന്ന ചോദ്യം ഇതിനിടയിൽ ഉയർന്നു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അഭിപ്രായമുണ്ടായി. ഒൻപത് മാസം മാത്രമേ ബാക്കിയുള്ളു എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി സമ്മർദ്ദം ചെലുത്തുമോ എന്നായിരുന്നു ആശങ്ക.
ഇതോടെ ഉപതിരഞ്ഞെടുപ്പ് സാധ്യതയുണ്ടോ എന്ന് നിയമപരമായി പരിശോധിക്കാൻ തീരുമാനിച്ചു. അതിനുശേഷം അന്തിമ തീരുമാനമെടുക്കാം എന്നാണ് ധാരണ. ഉപതിരഞ്ഞെടുപ്പ് സാധ്യതയുണ്ടെങ്കിൽ രാജി ഒഴിവാക്കി പാർട്ടിയിൽ നിന്നും മാറ്റിനിർത്താനുള്ള പ്ലാൻ ബിയും നേതാക്കൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് രാജി സാധ്യത തള്ളാതെയുള്ള നേതാക്കളുടെ പ്രതികരണം.
വനിതാ നേതാക്കൾ അടക്കം പരസ്യ പ്രതികരണവുമായി എത്തിയതോടെ പാർട്ടി നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. രാഹുൽ മാങ്കൂട്ടമാകട്ടെ രാജിവെക്കില്ലെന്ന സൂചന നേതൃത്വത്തിന് നൽകിയതായാണ് വിവരം. തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും രാഹുൽ നേതൃത്വത്തോടാവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ.