< Back
Kerala
കോട്ടയത്ത് ലീഗ് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് നീക്കം; ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി
Kerala

കോട്ടയത്ത് ലീഗ് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് നീക്കം; ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി

Web Desk
|
7 Nov 2025 8:39 AM IST

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും ചങ്ങനാശ്ശേരി നഗരസഭയിലും പാർട്ടിയുടെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കമാണ് അതൃപ്തിക്ക് കാരണം.

കോട്ടയം: കോട്ടയത്ത് മുസ്‍ലിം ലീഗ് സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും ചങ്ങനാശ്ശേരി നഗരസഭയിലും പാർട്ടിയുടെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കമാണ് അതൃപ്തിക്ക് കാരണം. ജില്ലാ പഞ്ചായത്ത് സീറ്റിനായും ലീഗ് സമ്മർദം ശക്തമാക്കി. നാളെ യുഡിഎഫ് വീണ്ടും ഉഭയകക്ഷി ചർച്ച നടത്തും.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ജയിച്ച വാർഡ് ഉൾപ്പെടെ രണ്ടു വാർഡുകൾ. ചങ്ങനാശ്ശേരിയിൽ ലീഗിൻ്റെ ഏക കൗൺസിലർ വിജയിച്ച 28 ആം വാർഡ്. ഇവിടെ എല്ലാം കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിക്കാൻ ഒരുങ്ങുന്നതാണ് ലീഗിൻ്റെ അതൃപ്തിക്ക് കാരണം.ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം , എരുമേലി ഡിവിഷനുകളിൽ ഏതെങ്കിലും ഒന്ന് നൽകണമെന്നും ലീഗ് ആവശ്യപ്പെടുന്നു.

ഇക്കുറി ജില്ലാ പഞ്ചായത്ത് സീറ്റ് നൽകുമെന്നു കഴിഞ്ഞ തവണ യുഡിഎഫ് ഉറപ്പ് നൽകിയിരുന്നതായാണ് ലീഗിൻ്റെ അവകാശവാദം. പായിപ്പാട് പഞ്ചായത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തു പോയ പല വാർഡുകളും ലീഗ് സ്ഥാനാർഥികളെങ്കിൽ ജയ സാധ്യതയുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. കോട്ടയം നഗരസഭയിൽ രണ്ടു സീറ്റിൽ ലീഗിന് ഉറപ്പ് ലഭിച്ചു. വൈക്കം , ഏറ്റുമാനൂർ നഗരസഭകളിലും പ്രാതിനിധ്യം വേണമെന്നും ലീഗ് യുഡിഎഫിനെ അറിയിച്ചു. എന്നാൽ വിവാദങ്ങളിൽ പരസ്യ പ്രതികരണം വേണ്ടന്നാണ് ലീഗ് - കോൺഗ്രസ് നേതാങ്ങളുടെ നിലപാട് .

അതേസമയം ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ ലീഗ് 17 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് 9 സീറ്റുകളിൽ മാത്രമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.

Similar Posts