
'പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിനു നേരെ ബോംബെറ്; കുന്നുമ്മക്കരയില്‍ തീവെപ്പ്...' സംസ്ഥാനത്ത് ഇന്നലെ അർധരാത്രി നടന്നത് വ്യാപക അക്രമങ്ങൾ
|ആക്രമണത്തിന് പിന്നില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടന്നത് വ്യാപക അക്രമങ്ങൾ. പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിനു നേരെ ബോംബെറെഞ്ഞി. ഓഫീസിലെ ജനലുകളും വാതിലുകളും പൂർണ്ണമായും തകർന്നു. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.
കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ചു. മണ്ണൂരിലും കൊയിലാണ്ടിയിലും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർക്ക് നേരെ ആക്രമണമുണ്ടായി. പോലീസ് നോക്കി നിൽക്കെയാണ് സി.പി.എം ആക്രമണം നടന്നതെന്ന് കോഴിക്കോട് ഡി.സി.സി സെക്രട്ടറി അഡ്വ കെ.പ്രവീൺകുമാർ ആരോപിച്ചു.
കണ്ണൂർ ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. ചക്കരക്കല്ലിലെ എൻ.രാമകൃഷ്ണൻ സ്മാരക മന്ദിരമാണ് തകർത്തത്. ഓഫിസ് ജനൽ ചില്ലുകളും, ഫർണ്ണിച്ചറുകളും തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.
അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകളും ഇന്നലെ രാത്രി തകർത്തു.ഓഫീസിനു മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്തു. അക്രമം നടത്തിയത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
അതേസമയം, തലസ്ഥാനത്തെ അക്രമ സംഭവങ്ങളിലും പൊലീസുകാരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇടുക്കി ഡി.സി.സി പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 38 പേർക്ക് എതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ശ്രീകാര്യം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത കേസിൽ നാല് സി.പി.എം പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.