
പേരാമ്പ്ര സംഘർഷം: 'ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റം കണ്ണിൽ പൊടിയിടാൻ'; കോണ്‍ഗ്രസ്
|അഞ്ചു ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലില്‍ എംപിയെ മർദിച്ചതിലുള്ള ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റം കണ്ണിൽ പൊടിയിടാനാണെന്ന് കോൺഗ്രസ്.
'അതിക്രമത്തിന്‍റെ പേരിലാണ് ഇരുവരെയും മാറ്റിയതെന്നത് യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും കണ്ണില്‍പൊടിയിടാനാണ്. ഇതില്‍ കോണ്‍ഗ്രസ് തൃപ്തരല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനറൽ സ്ഥലം മാറ്റമാണ്. എംപിയെ ആക്രമിച്ച പൊലീസുകരനെതിരെ നടപടി ഉണ്ടാകുമെന്ന് ഐജി ഉറപ്പ് നൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. അഞ്ചു ദിവസത്തിനകം നടപടി ഉണ്ടാകുമെന്നാണ് അറിയിച്ചത്.അതു വരെ കാത്ത് നിൽക്കുമെന്നും പ്രവീണ്‍ പറഞ്ഞു.
വടകര,പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്. പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാറിനെ കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് എസിപിയായും വടകര ഡിവൈഎസ്‍പി എൻ. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയായുമാണ് മാറ്റിയത്.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി നേരത്തെ പരാതി നൽകിയിരുന്നു .രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മർദിച്ചെന്നും റൂറൽ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും നടത്തിയ റാലിയിലിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്കടക്കം പരിക്കേറ്റത്.