
എസ്ഡിപിഐ പിന്തുണ; ചൊവ്വന്നൂരിൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെയ്ക്കാൻ കോൺഗ്രസ് നിർദേശം
|യുഡിഎഫിന് അഞ്ച് സീറ്റിലും എൽഡിഎഫിന് ആറ് സീറ്റിലുമാണ് വിജയിച്ചിരുന്നത്
തൃശൂര്‍: ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് പ്രസിഡൻ്റിനോട് രാജിവെക്കാൻ കോൺഗ്രസ് നിർദേശം. പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത കെ.എം നിധീഷ് രാജിവയ്ക്കും.
യുഡിഎഫിന് അഞ്ച് സീറ്റും എൽഡിഎഫിന് ആറ് സീറ്റുമാണ് നേടിയത്. എന്നാൽ രണ്ട് എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണച്ചതോടെ നിധീഷ് ജയിക്കുകയായിരുന്നു.
ബിജെപി, സിപിഎം, എസ്ഡിപിഐ എന്നീ പാർട്ടികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് യുഡിഎഫ് കൃത്യമായ നിർദേശം കൊടുത്തിട്ടുണ്ടെന്ന് വി.ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. അവരുടെ ആരുടെയെങ്കിലും പിന്തുണയോടെ ജയിച്ചവർ അപ്പോൾത്തന്നെ രാജിവെക്കണമെന്ന നിർദേശം നൽകിയതായും സതീശൻ പറഞ്ഞു. അത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. മുന്നണിക്ക് പുറത്തുള്ള കൂട്ടുകെട്ട് ഒരു കാരണവശാലും ഉണ്ടാവില്ല. അക്കാര്യം യുഡിഎഫ് യോഗം ചേർന്ന് നിർദേശം നൽകിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. ജനവിധി അട്ടിമറിക്കുന്ന തീരുമാനങ്ങളോ മുന്നണിയെ ബാധിക്കുന്ന ബന്ധമോ പാടില്ല- സതീശൻ കൂട്ടിച്ചേർത്തു.