< Back
Kerala
അരുവിക്കരയില്‍ വി.എസ് ശിവകുമാറും കൊച്ചിയില്‍ ഷിയാസും സ്ഥാനാർഥിയായേക്കും; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ
Kerala

അരുവിക്കരയില്‍ വി.എസ് ശിവകുമാറും കൊച്ചിയില്‍ ഷിയാസും സ്ഥാനാർഥിയായേക്കും; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ

Web Desk
|
18 March 2026 8:19 AM IST

ഡൽഹിയിൽ ഇന്ന് വൈകിട്ട് നാലിനാണ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്നുണ്ടായേക്കും. ഡല്‍ഹിയില്‍ നേതൃതല ചര്‍ച്ച പൂര്‍ത്തിയായി. പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറി. അരുവിക്കരയില്‍ വി.എസ് ശിവകുമാര്‍ സ്ഥാനാര്‍ഥിയാകും. നെയ്യാറ്റിന്‍കരയില്‍ എന്‍.ശക്തനും കൊച്ചിയില്‍ മുഹമ്മദ് ഷിയാസും വാമനപുരത്ത് പാലോട് രവിയും മത്സരിക്കുമെന്നാണ് വിവരം. നേമത്ത് വൈഷ്ണ സുരേഷോ കെ.എസ് ശബരീനാഥനോ മത്സരിക്കും .

ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കന്‍, ഇടുക്കിയില്‍ ജോയ് വെട്ടിക്കുഴി അല്ലെങ്കില്‍ റോയ് കെ. പൗലോസ് എന്നിവരെ മത്സരിപ്പിക്കാനാണ് നീക്കം. ഉദുമയില്‍ നീലകണ്ഠന്റെയും പ്രദീപ്കുമാറിന്റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കുന്നംകുളത്ത് പി.ടി അജയ്‌മോഹനെ മത്സരിപ്പിക്കാനും ധാരണയായതായാണ് വിവരം. അതേസമയം നേമത്ത് കെ.എസ് ശബരീനാഥനെയോ വൈഷ്ണ സുരേഷിനേയോ കളത്തിലിറക്കാനുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിലും മത്സരിച്ചേക്കും.

ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് നാലിനാണ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. ഇന്നലെ രാത്രിയും മാരത്തോണ്‍ ചര്‍ച്ച നടന്നിരുന്നു. ഇന്നലെ 55 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്. രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗവും ഉച്ചയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. മത്സരിക്കുമെന്നതില്‍ ഉറച്ച് കെ.സുധാകരന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. നിയമസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ സുധാകരന്‍ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോട് പ്രതികരണം നടത്തും.

കണ്ണൂരില്‍ മത്സരിക്കാന്‍ അനുമതി നല്‍കണമെന്നതാണ് കെ.സുധാകരന്റെ നിലപാട്. കണ്ണൂര്‍, കോന്നി നിയോജകമണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ നിയോഗിച്ചിട്ടില്ല.

Similar Posts