
വഖഫ് ഭേദഗതിയിലെ കോൺഗ്രസ് നിലപാട്; ഇടുക്കി ഡിസിസി സെക്രട്ടറി രാജി വെച്ചു
|ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് ബെന്നി പെരുവന്താനം
ഇടുക്കി: വഖഫ് ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് ബെന്നി പെരുവന്താനം പറഞ്ഞു.ഇത് തിരുത്തണമെന്ന് പാർട്ടി കമ്മറ്റികളിൽ ആവശ്യപ്പെട്ടു. നേരത്തെ മകളുടെ വിദ്വേഷപ്രസംഗം ഫേസ്‍ബുക്കിലൂടെ പങ്കുവെച്ച് വിവാദത്തിലായ ആളാണ് ബെന്നി.
മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ ഈ നിലപാട്. അതിനെതിരെയുള്ള പ്രതിഷേധം ഞാൻ അറിയിക്കുകയാണ്. പല വേദികളിൽ ഞാൻ ഇക്കാര്യം പറഞ്ഞു. പാർട്ടി കമ്മറ്റികളിൽ പറഞ്ഞു. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഡിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചു. കെസിബിസിയും കത്തോലിക്കാ സഭ സംഘടനകൾ മുഴുവൻ പറയുന്ന കാര്യങ്ങളോട് വളരെ മോശമായ നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്, ബെന്നി പെരുവന്താനം പറഞ്ഞു. മുനമ്പം വഖഫ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് തെറ്റെന്നും ബെന്നി പറഞ്ഞു.
അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിലായിരുന്നു ബെന്നിയുടെ മകൾ അലോഖ വർഗീയ പ്രസംഗം നടത്തിയത്.ഈ വീഡിയോ ബെന്നി ഷെയർ ചെയ്തതിന് പിന്നാലെ വിമർശനം ഉയർന്നിരുന്നു.പിന്നീട് പൊതുവേദികളിലും അലോഖ സമാനമായ പ്രസംഗം നടത്തിയിരുന്നു. ഒടുവിൽ ബെന്നി മാപ്പ് പറയുകയായിരുന്നു.