< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും

Web Desk
|
19 Feb 2026 7:43 AM IST

എംപിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക

ഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിരന്തരം പരാജയപ്പെടുന്ന സീറ്റുകളിൽ ഇത്തവണ കോൺഗ്രസ് സ്വന്തം സ്ഥാനാർഥികളെ ഇറക്കും. എംപിമാരുടെ നിർദേശം കൂടി പരിഗണിച്ച ശേഷം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയാൽ മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

കഴിഞ്ഞ തവണ 10 നിയമസഭാ സീറ്റിൽ മത്സരിച്ചിട്ട് 2 ഇടത്ത് മാത്രമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയിക്കാൻ കഴിഞ്ഞത്. തൃക്കരിപ്പൂർ,ഇടുക്കി,ഏറ്റുമാനൂർ ,ചങ്ങനാശേരി എന്നിവിടങ്ങളിൽ കോൺഗ്രസിന് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച മുഖങ്ങൾ ഉണ്ടെന്ന് പി.ജെ ജോസഫിനെ കോൺഗ്രസ് ബോധ്യപ്പെടുത്തി. മൂന്ന് സീറ്റ് എങ്കിലും സ്വമനസാലേ ജോസഫ് വിട്ടുതരുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസുദൻ മിസ്‌ത്രിയുമായി ഇന്നലെ കുടിക്കാഴ്ച നടത്തി.

ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങൾ കേരള നേതൃത്വം ഹൈക്കമാൻഡുമായി പങ്കുവെച്ചു. സ്ഥാനാർഥി നിർണയത്തിൽ കേരളത്തിൽ നിന്നുള്ള ലോക്‌സഭാംഗങ്ങളുടെ അഭിപ്രായം ഹൈക്കമാൻഡ് തേടി. ഘടകകക്ഷികളെ പിണക്കാതെ ചർച്ച നടത്തണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് ,സംസ്ഥാനനേതൃത്വത്തിന് നൽകിയിരിക്കുന്നത്.


Similar Posts