< Back
Kerala
k sudhakaran
Kerala

സമവായ ചർച്ച; കെ സുധാകരന് രൂക്ഷ വിമർശനം

Web Desk
|
15 March 2023 6:45 AM IST

സുധാകരന്‍റെ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എം കെ രാഘവനും കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന സമവായ ചർച്ചയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് രൂക്ഷ വിമർശനം. സുധാകരന്റെ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എം കെ രാഘവനും കുറ്റപ്പെടുത്തി. എം പിമാർ അച്ചടക്കം ലംഘിക്കാൻ ശ്രമിച്ചെന്ന് സുധാകരനും തിരിച്ചടിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ചർച്ചയ്ക്ക് ശേഷം സുധാകരൻ പറഞ്ഞു .

മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാന കോൺഗ്രസിലെ തർക്കം സമവായത്തിൽ എത്തിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ നേതൃത്വം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന് എംപിമാരായ കെ മുരളീധരനും എം കെ രാഘവനും വിമർശനം ഉന്നയിച്ചു. തന്നെ പിന്തുണച്ച രാഘവനെതിരെ നിലപാട് സ്വീകരിച്ച നേതൃത്വത്തിനെതിരെ ശശി തരൂരും രംഗത്ത് വന്നു.

പാർട്ടി അച്ചടക്കം ലംഘിക്കാൻ എംപിമാർ ശ്രമിച്ചെന്ന് സുധാകരൻ ചർച്ചയിൽ വ്യക്തമാക്കി. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന തീരുമാനം ചർച്ചയിൽ എടുത്തു. രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ചു ചേർക്കാനും തീരുമാനമായി. കെപിസിസി അധികാരം പ്രയോഗിച്ചല്ല പരസ്യ പ്രതികരണം വിലക്കി എം പി മാർക്ക് കത്ത് നൽകിയതെന്ന് കെ സുധാകരൻ പറഞ്ഞു. ഒരാഴ്ചയ്ക്കകം മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി കേരളത്തിൽ യോഗം വിളിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. അതൃപ്തി രേഖപ്പെടുത്തിയ മുതിർന്ന നേതാക്കളെ ഒഴിവാക്കി കെ സി വേണുഗോപാലിന്റെ വീട്ടിൽ എംപിമാരെ മാത്രം ചർച്ചയ്ക്ക് വിളിച്ചു എന്ന പരാതി ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ട്.

Related Tags :
Similar Posts