< Back
Kerala
കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ സ്വീവേജ് പ്ലാന്‍റ് നിര്‍മാണം നഗരസഭ അനുമതി ഇല്ലാതെ
Kerala

കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ സ്വീവേജ് പ്ലാന്‍റ് നിര്‍മാണം നഗരസഭ അനുമതി ഇല്ലാതെ

Web Desk
|
23 Sept 2021 7:22 AM IST

ജനവാസമേഖലയില്‍ പ്ലാന്‍റ് പണിയുന്നതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തിലാണ്

കൊച്ചി സ്മാര്‍ട്ട് മിഷന്‍റെ ഫോര്‍ട്ട് കൊച്ചിയിലെ സ്വീവേജ് പ്ലാന്‍റ് നിര്‍മാണം നഗരസഭ അനുമതി ഇല്ലാതെ. വേലിയേറ്റ നിയന്ത്രണം കണക്കിലെടുത്ത് ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച കുളം നികത്തിയാണ് പ്ലാന്‍റ് പണിയുന്നത്. ജനവാസമേഖലയില്‍ പ്ലാന്‍റ് പണിയുന്നതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തിലാണ്.

സര്‍ക്കാര്‍ ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജനവാസ മേഖലയിലാണ് കുളം നികത്തി കൊച്ചിന്‍ സ്മാര്‍‌ട്ട് സിറ്റി അധികൃതര്‍ സ്വീവേജ് പ്ലാന്‍റ് നിര്‍മാണം നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ പൊലീസ് സുരക്ഷയോടെ മണ്ണ് പരിശോധന അടക്കുമുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പ്ലാന്‍റിന് നഗരസഭ ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കി നഗരസഭ ആരോഗ്യകാര്യ സമിതി ചെയര്‍മാന്‍ ടി കെ അഷ്റഫ് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇക്കാര്യം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുളം നികത്തുന്നതിനെ നാട്ടുകാര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. കുളം നികത്തുന്നതിനെതിരെ ആര്‍ഡിഒ കോടതിയെ സമീപിക്കുകയും 2002ല്‍ കുളം സംരക്ഷിക്കാന്‍ നഗരസഭയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വീവേജ് നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ച് കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്ലാന്‍റ് പണിയുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും സമരങ്ങളും സജീവമാവുകയാണ്.

Similar Posts