< Back
Kerala
വൈദികർക്ക് ദുർവാശി, തുറമുഖ നിർമാണം നിർത്തിവെക്കില്ല; സിപിഎം നേതാവ് ചിത്തരഞ്ജൻ
Kerala

വൈദികർക്ക് ദുർവാശി, തുറമുഖ നിർമാണം നിർത്തിവെക്കില്ല; സിപിഎം നേതാവ് ചിത്തരഞ്ജൻ

Web Desk
|
26 Aug 2022 8:10 PM IST

അധികാരത്തിലെത്തിയാൽ അദാനിയുമായുള്ള കരാർ റദ്ദാക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുസർക്കാർ പറഞ്ഞതെന്ന് തിയോഡേഷ്യസ് ഡിക്രൂസ് ചൂണ്ടിക്കാട്ടി

കോഴിക്കോട്: വിഴിഞ്ഞം സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.പി ചിത്തരഞ്ജൻ. തുറമുഖ നിർമാണം നിർത്തിവെക്കണമെന്നത് വൈദികരുടെ ദുർവാശിയെന്ന് ചിത്തരഞ്ജൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ ലത്തീൻ സഭാ വൈദികർ നിലമറന്ന് പെരുമാറുകയും സംസാരിക്കുകയും ചെയ്തു. വൈദികരും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന കാര്യം അവർ മറക്കരുതെന്നും ചിത്തരഞ്ജൻ കുറ്റപ്പെടുത്തി. മീഡിയാ വൺ ഫസ്റ്റ് ഡിബേറ്റിൽ സംസാരിക്കവേ അദാനിയുടെ സ്പോൺസറെന്ന ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അധികാരത്തിലെത്തിയാൽ അദാനിയുമായുള്ള കരാർ റദ്ദാക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുസർക്കാർ പറഞ്ഞതെന്ന് തിയോഡേഷ്യസ് ഡിക്രൂസ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ നിർമാണം 6000 കോടിയുടെ സാമ്പത്തിക അഴിമതിയെന്ന് പറഞ്ഞ പാർട്ടിയാണ് ഇപ്പോൾ അതിന് വേണ്ടി ഓടിനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിയോഡേഷ്യസിന്റെ മറുപടിയോട് പൊട്ടിത്തെറിച്ച ചിത്തരഞ്ജൻ തുറമുഖ നിർമാണം നിർത്തിവെക്കില്ലെന്ന് ആവർത്തിക്കുകയും ചെയ്തു.

Similar Posts