
നിര്‍മാണത്തൊഴിലാളി ക്ഷേമനിധി സെസ്; മാനദണ്ഡങ്ങൾ അശാസ്ത്രീയം
|കെട്ടിട ഉടമകൾക്ക് നോട്ടീസ് അയക്കുന്നതില്‍ തൊഴിൽ വകുപ്പ് വരുത്തുന്നത് വര്‍ഷങ്ങളുടെ കാലതാമസമാണ്
കോഴിക്കോട്: നിര്‍മാണത്തൊഴിലാളി ക്ഷേമനിധി സെസ് മാനദണ്ഡങ്ങളില്‍ സര്‍വത്ര അപാകത. തീര്‍ത്തും അശാസ്ത്രീയമായാണ് കെട്ടിടങ്ങളുടെ നിര്‍മാണച്ചെലവ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് അയക്കുന്നതില്‍ തൊഴില്‍ വകുപ്പ് വരുത്തുന്നത് വര്‍ഷങ്ങളുടെ കാലതാമസമാണ്.
നിര്‍മാണ വസ്തുക്കൾ തലച്ചുമടായി എത്തിക്കേണ്ട മലമുകളിലും എല്ലാ സൗകര്യങ്ങളുമുള്ള നഗര മധ്യത്തിലും നിർമാണച്ചെലവ് നിശ്ചയിക്കുന്നത് ഒരുപോലെ. നിലത്ത് സിമന്‍റ് പരത്തിയ കെട്ടിടത്തിനും ഗ്രാനൈറ്റ് വിരിച്ച കെട്ടിടത്തിനും കണക്കാക്കുന്നത് ഒരേ ചെലവ്. ലേബര്‍ ഓഫീസുകളില്‍ സെസ് പിരിക്കാനാകട്ടെ വേണ്ടത്ര ജീവനക്കാരുമില്ല.. എട്ട് വര്‍ഷം മുമ്പ് വരെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ സെസാണ് ഇപ്പോഴും പിരിക്കുന്നത്.
സെസ് പിരിവ് 2024 മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റിയെങ്കിലും സാങ്കേതിക പ്രശ്നം മൂലം പലയിടത്തും നടപ്പായിട്ടില്ല. നിര്‍മാണത്തൊഴിലാളി ക്ഷേമനിധി സെസായി 15,000 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനുണ്ടെന്നാണ് വിലയിരുത്തല്‍.