നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ്; കെട്ടിട ഉടമകളെ പിഴിഞ്ഞ് സംസ്ഥാന സർക്കാർ
|നിർമാണം പൂർത്തിയായി വർഷങ്ങൾക്ക് ശേഷം വരുന്ന സെസ് നോട്ടീസ് ചൂണ്ടിക്കാട്ടിയാണ് പരാതി
മലപ്പുറം: നിർമാണത്തൊഴിലാളി ക്ഷേമനിധി സെസിന്റെ പേരിൽ കെട്ടിട ഉടമകളെ പിഴിഞ്ഞ് സംസ്ഥാന സർക്കാർ. കെട്ടിടങ്ങളുടെ നിർമാണച്ചെലവ് പെരുപ്പിച്ച് കാണിച്ച് വൻതുക സെസ് പിരിക്കുന്നുവെന്നാണ് പരാതി. നിർമാണം പൂർത്തിയായി വർഷങ്ങൾക്ക് ശേഷം വരുന്ന സെസ് നോട്ടീസ് ചൂണ്ടിക്കാട്ടിയാണ് പരാതി.
2017 ൽ നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ സെസ്സ് നോട്ടീസ് വന്നത് ഒരു മാസവും മുൻപാണ്.1.5 കോടി മുടക്കിയ കെട്ടിടത്തിന് നോട്ടീസിലുള്ള നിർമാണച്ചിലവ് 3 കോടി 5 ലക്ഷം രൂപയാണ്. സെസ്സ് അടക്കേണ്ടത് 3 ലക്ഷത്തിൽ ചില്ലാനം രൂപയാണെന്നും കെട്ടിട നിർമാണ ഉടമ മീഡിയ വണ്ണിനോട് പറഞ്ഞു. കിട്ടുന്ന വരുമാനം മുഴുവൻ സെസ്സിന് കൊടുക്കേണ്ടി വരുന്നുവെന്നും ഉടമകൾ പറയുന്നു.നിർമാണത്തൊഴിലാളികൾക്ക് അർഹതപ്പെട്ട സെസ് തുക അടയ്ക്കാൻ തയ്യാറാണെന്നും പക്ഷെ അന്യായമായ പിടിച്ചുപറിയിലാണ് നടക്കുന്നതെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
നിർമാണച്ചെലവിന്റെ ഒരു ശതമാനമാണ് സെസ്. മാനദണ്ഡങ്ങളുടെ ചുവടുപിടിച്ച് നിർമാണച്ചെലവ് പെരുപ്പിച്ച് കാണിക്കുന്നതോടെ സെസ് തുക ഈ കണ്ട പോലെ ഇരട്ടി കടക്കും. ഇങ്ങനെയൊക്കെ പിരിച്ചിട്ടും മൂന്നര ലക്ഷം പേർക്ക് ഒന്നേകാൽ കൊല്ലമായി പെൻഷൻ പോലും കിട്ടുന്നില്ല.