< Back
Kerala
BJP poster

ബി.ജെ.പിയുടെ വിവാദമായ പോസ്റ്റര്‍

Kerala

കെ. സുരേന്ദ്രന്‍റെ പദയാത്രയിലെ വിവാദ വീഡിയോ; ഐടി സെല്ലിനെതിരെ വിമർശനം

Web Desk
|
21 Feb 2024 10:21 AM IST

'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം' എന്നാണ് വീഡിയോയിൽ പറയുന്നത്

തിരുവനന്തപുരം; ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പദയാത്രയിലെ വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് പദയാത്ര അവലോകനയോഗത്തിൽ രൂക്ഷ വിമർശനം. വീഡിയോ ചെയ്ത ഐടി സെല്ലിനെതിരെയാണ് വിമർശനം. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം' എന്നാണ് വീഡിയോയിൽ പറയുന്നത്. വിവാദമായതോടെ എസ്.സി- എസ്.ടി സെൽ നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റർ ബി.ജെ.പി കേരളം പേജിൽ നിന്ന് നീക്കി.

]ബി.ജെ.പിയുടെ ഒരു സാമൂഹിക മാധ്യമ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കർശന നിർദേശവും നേതൃത്വം നൽകി. എന്നാൽ നീക്കം ചെയ്ത ശേഷവും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ശബ്ദമിശ്രണത്തിൽ വന്ന പിഴവെന്നാണ് ഐ.ടി സെൽ ഭാരവാഹികൾ നൽകുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതാക്കൾ പറയുന്നത്.

പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം 'എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.

അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചിരുന്നു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ ബി. ഡി.ജെ.എസ് നേതാക്കൾ പങ്കെടുത്തില്ല. ജില്ലാ പ്രസിഡൻ്റ് ഗിരീഷ് പാമ്പനാൽ, സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടിയിരുന്നത്. ബിജെപി നേതാക്കളുടെ ഫോട്ടോ മാത്രം വേദിയിൽ പ്രദർശിപ്പിച്ചതിലും അമർഷമുണ്ട്.

കെ.സുരേന്ദ്രൻ എസ്.സി-എസ്.ടി വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. അങ്ങനെയൊരു സംസ്കാരം ശരിയല്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Related Tags :
Similar Posts