< Back
Kerala
പ്രതിഷേധവുമായി കൂടുതല്‍ വൈദികര്‍ രംഗത്ത്; സിറോ മലബാര്‍ സഭയില്‍ തര്‍ക്കം മുറുകുന്നു
Kerala

പ്രതിഷേധവുമായി കൂടുതല്‍ വൈദികര്‍ രംഗത്ത്; സിറോ മലബാര്‍ സഭയില്‍ തര്‍ക്കം മുറുകുന്നു

Web Desk
|
8 Aug 2022 7:23 AM IST

പ്രതിഷേധത്തിനിറങ്ങിയ വൈദികര്‍ക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചി: വിശ്വാസ സംരക്ഷണ സമ്മേളനം നടത്തി കൂടുതല്‍ വൈദികര്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നടത്താന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് വലിയൊരു വിഭാഗം വൈദികരും വിശ്വാസികളും. സഭാ നേതൃത്വത്തിനെതിരായ പരസ്യ പ്രതിഷേധത്തിനിറങ്ങിയ വൈദികര്‍ക്കെതിരെ നടപടിയുണ്ടായേക്കും. വിമത സമ്മേളനത്തിന് മുന്‍കയ്യെടുത്ത വൈദികര്‍ക്കെതിരെയാകും നടപടി. വൈദികര്‍ക്കെതിരെ അച്ചടക്ക നടപടികളുണ്ടായാല്‍ വിമതവിഭാഗവും പ്രതിഷേധം കടുപ്പിക്കും.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ആന്റണി കരിയിലിന് പകരം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാമെന്ന സഭാ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ക്കേറ്റ തിരിച്ചടിയാണ് ഇന്നലെ കൊച്ചിയില്‍ നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം. അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത സമ്മേളനം വിമത വിഭാഗത്തിന്റെ ശക്തി വെളിവാക്കുന്നതായിരുന്നു. ജനഭിമുഖ കുർബാന അനുവദിച്ചു തരുന്നത് വരെ പോരാട്ടം തുടരുമെന്ന പ്രതിജ്ഞ എടുത്താണ് വിശ്വാസികൾ മടങ്ങിയത്.

വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. എന്നാൽ വിമത വിഭാഗത്തിൻറെ നടപടികൾ സഭയിൽ വിഭാഗീയത ഉണ്ടാവാന്‍ കാരണമാകുന്നുവെന്നാണ് സഭാ നേതൃത്വം വിലയിരുതുന്നത്.


Related Tags :
Similar Posts