< Back
Kerala
വാമോസ് അർജന്‍റീന വിളിച്ച മകനെ കസേര കൊണ്ട് തല്ലാനോങ്ങിയ അച്ഛൻ; വൈറല്‍ വീഡിയോക്ക് പിന്നിലെ കഥ ഇതാണ്
Kerala

വാമോസ് അർജന്‍റീന വിളിച്ച മകനെ കസേര കൊണ്ട് തല്ലാനോങ്ങിയ അച്ഛൻ; വൈറല്‍ വീഡിയോക്ക് പിന്നിലെ കഥ ഇതാണ്

Web Desk
|
12 July 2021 11:34 AM IST

അര്‍ജന്‍റീനന്‍ ആരാധകനായ അര്‍ഷദ് വിജയാഹ്ലാദം പങ്കിടുന്നതിന്‍റെയും ബ്രസീല്‍ ആരാധകനായ ലത്തീഫ് പരാജയത്തിന്‍റെ അമര്‍ഷം പങ്കിടുന്നതുമാണ് വീഡിയോ.

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനിയന്‍ വിജയത്തിന്റെ ആഹ്‌ളാദവും ആഘോഷങ്ങളുമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ആരാധകരുടെ നിരവധി വീഡിയോകളാണ് വൈറലായത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു വിജയാഹ്ളാദം നടത്തിയ 'മകനെ', ബ്രസീല്‍ ആരാധകനായ 'അച്ഛന്‍' കസേരകൊണ്ട് തല്ലാനോങ്ങുന്ന വീഡിയോ. ഏവരെയും ഏറെ ചിരിപ്പിച്ച ഈ വീഡിയോയ്ക്ക് പിന്നിലെ കഥയാണ് ഇപ്പോള്‍ ചര്‍ച്ച.

വീഡിയോയിലുള്ളത് അച്ഛനും മകനുമല്ല, സഹപ്രവര്‍ത്തകരാണ്. ബഹ്റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കായ ലത്തീഫും അര്‍ഷാദും. ഇരുവരും കൊണ്ടോട്ടി സ്വദേശികളാണ്. ബഹ്റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് കളി കാണുന്നതിനിടയിലാണ് വീഡിയോ ദൃശ്യം പകര്‍ത്തിയത്.

അര്‍ജന്‍റീനന്‍ ആരാധകനായ അര്‍ഷദ് വിജയാഹ്ലാദം പങ്കിടുന്നതിന്‍റെയും ബ്രസീല്‍ ആരാധകനായ ലത്തീഫ് പരാജയത്തിന്‍റെ അമര്‍ഷം പങ്കിടുന്നതുമാണ് വീഡിയോ. കുറേ കാലമായുള്ള ആഗ്രഹം സഫലമായതിന്‍റെ ആവേശമാണ് പ്രകടിപ്പിച്ചതെന്ന് അര്‍ഷദ് പറയുന്നു. അതേസമയം, മധുര പലഹാരം വരെ തയ്യാറാക്കി ബ്രസീലിന്‍റെ വിജയം കാത്തിരിക്കുകയായിരുന്നു ലത്തീഫ്.

അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. പിന്നീട് നിരവധി പേര്‍ അത് ഷെയര്‍ ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയുമായിരുന്നു. അര്‍ജന്‍റീന കീരീടമുയര്‍ത്തിയതിനൊപ്പം അപ്രതീക്ഷിതമായി വീഡിയോ വൈറലാവുകയും ചെയ്ത സന്തോഷത്തിലാണ് അര്‍ഷദും കൂട്ടരും.

Similar Posts