< Back
Kerala
Kerala Police
Kerala

ധനകാര്യ സ്ഥാപനങ്ങളിലെ ഏജന്റുമാരുടെ ഭീഷണി തടയണമെന്ന ഡിജിപിയുടെ ഉത്തരവിന് വില കൽപ്പിക്കാതെ പൊലീസുകാർ; പാലക്കാട് സ്ത്രീയെ ഭീഷണിപ്പെടുത്തി

Web Desk
|
5 Jan 2025 9:43 AM IST

മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഏജന്റുമാരെ നിയന്ത്രിക്കണമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി

പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഏജന്റുമാരുടെ ഭീഷണി തടയണമെന്ന ഡിജിപിയുടെ ഉത്തരവിന് കടലാസിന്റെ വിലപോലും കൽപ്പിക്കാതെ പൊലീസുകാര്‍. ഡിജിപിയുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് പാലക്കാട്, പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ ഭീഷണിപ്പെടുത്തിയത് .

ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ ഉത്തരവ് . അതേസമയം ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.

2022ലാണ് തത്തമംഗലം സ്വദേശിയായ ചന്ദ്രൻ ചാമി, മൈക്രോഫിനാൻസ് ഏജന്റുകളുടെ ഭീഷണിയെ കുറിച്ച് സിഎംഒ പോർട്ടലിൽ പരാതി നൽകിയത്. ഇതിന് മറുപടിയായി നൽകിയ കത്തിലാണ് ഇവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകിയത്. വിഷയത്തിൽ സർക്കാരിൽ നിന്നും പൊലീസ് ആസ്ഥാനത്തു നിന്നും പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്.

മൈക്രോ ഫിനാൻസ് ഏജന്റുകളുടെ ചൂഷണം വർധിച്ചപ്പോൾ മന്ത്രി കെ.കൃഷ്ണൻകുട്ടിയും സമാനമായ നിർദേശം പൊലീസിന് നൽകിയിരുന്നു . ഇതെല്ലാം നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ സാധാരണക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അജിത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കാനും പൊലീസ് തയ്യാറായിട്ടില്ല.

മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഏജന്റുമാരെ നിയന്ത്രിക്കണമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി. സാധാരണക്കാരായ ആളുകളാണ് മൈക്രോഫിനാൻസ് ഏജന്റുകളുടെ ഇരകൾ. ഇവരുടെ ചൂഷണത്തെ നേരിടാനുള്ള നിയമ സംവിധാനങ്ങളെക്കുറിച്ച് ഈ സാധാരണക്കാർക്ക് അറിവില്ലാത്തതാണ് ഏജന്റുമാരുടെ ധൈര്യം .

അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ നടത്തുമെന്നും വിവിധ സംഘടനകൾ അറിയിച്ചു.

മൈക്രോ ഫിനാൻസ് ഏജന്‍റിന്‍റെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥനാണ് പാലക്കാട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. തന്‍റെ വീട്ടിൽ ഏജന്‍റ് വന്ന് പ്രശ്നമുണ്ടാക്കിയത് ചോദിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. ഏജന്‍റുമാർ ഇനിയും വീട്ടിൽ വരുമെന്നും ചാകുന്നെങ്കിൽ ചത്ത് കാണിക്കാനും വീട്ടമ്മയോട് പറഞ്ഞു. സംഭവത്തിൽ മുട്ടികുളങ്ങര ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അജിത്തിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.



Related Tags :
Similar Posts