< Back
Kerala
തിരുവനന്തപുരത്തും മുംബൈയിലും ഫ്ലാറ്റ് വാങ്ങിയതിൽ അന്വേഷണം നടത്തും; കെ.എം എബ്രഹാമിനെതിരായ സിബിഐ എഫ്‌ഐആർ പകർപ്പ് പുറത്ത്
Kerala

'തിരുവനന്തപുരത്തും മുംബൈയിലും ഫ്ലാറ്റ് വാങ്ങിയതിൽ അന്വേഷണം നടത്തും'; കെ.എം എബ്രഹാമിനെതിരായ സിബിഐ എഫ്‌ഐആർ പകർപ്പ് പുറത്ത്

Web Desk
|
28 April 2025 12:36 PM IST

'കൊല്ലത്തെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവും സംശയകരം'

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന് എതിരായ സിബിഐ എഫ്ഐആറിന്‍റെ പകർപ്പ് പുറത്ത്. കെ.എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്ലാറ്റ് വാങ്ങിയതിൽ അന്വേഷണം നടത്തുമെന്ന് എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ഇക്കഴിഞ്ഞ 25 ാം തീയതി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പകർപ്പാണ് പുറത്തുവന്നത്. 2003 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെയുള്ള 12 വർഷക്കാലത്തെ കെ.എം എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കും.

തിരുവനന്തപുരത്ത് ഒരു കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങിയത്, മുംബൈയിലെ മൂന്ന് കോടി രൂപയുടെ ഫ്ലാറ്റ്. കൊല്ലം കടപ്പാക്കടയിലെ 8 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്സ് ഇടപാട് ഇത് അടക്കമുള്ള കാര്യങ്ങൾ സിബിഐ വിശദമായി അന്വേഷിക്കും. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത്.

ആരോപണ വിധേയനെ സംരക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ വിജിലൻസിന്റെ വീഴ്ച അടക്കം സിബിഐ എഫ്ഐആറിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് സിബിഐ എഫ്ഐആർ. കെഎം എബ്രഹാമിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ ആയിരുന്നു കോടതിയെ സമീപിച്ചത്.

നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം.ഹൈക്കോടതി നിർദേശപ്രകാരമാണ് കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. 2016 ലാണ് ജോമോൻ പുത്തൻപുരക്കൽ കെ.എം എബ്രഹാമിന് എതിരായി വിജിലൻസിന് സമീപിച്ചത്.



Related Tags :
Similar Posts