< Back
Kerala
Court asks KB Ganeshkumar to appear in Solar sexual assault conspiracy case
Kerala

സോളാർ പീഡന ഗൂഢാലോചന കേസ്; കെ.ബി ഗണേഷ്‌കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി

Web Desk
|
25 Sept 2023 12:25 PM IST

സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയയ്ക്കാനും കോടതി നിർദേശം നൽകി.

കൊല്ലം: സോളാർ പീഡന ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം. അടുത്തമാസം 18ന് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച സ്വകാര്യ അന്യായ ഹരജിയിലാണ് കോടതി നടപടി. സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ​ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹരജിയിലെ ആരോപണം. 2018ലായിരുന്നു ഹരജി സമർപ്പിച്ചത്.

എന്നാൽ ഈ ഹരജിയിലെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമൻസ് അയയ്ക്കാനോ മറ്റ് നടപടികൾക്കോ സാധിക്കാതിരുന്നത്. കഴിഞ്ഞദിവസം സ്റ്റേ നീങ്ങിയതോടെയാണ് ഹരജി വീണ്ടും പരി​ഗണിച്ച കൊട്ടാരക്കര കോടതി ​ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കാനും കോടതി നിർദേശം നൽകി. കേസിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. കെ.ബി ​ഗണേഷ്കുമാറും ശരണ്യ മനോജും സോളാർ കേസിലെ പരാതിക്കാരിയും ചേർന്നാണ് പീഡനപരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് എന്നായിരുന്നു സിബിഐ കണ്ടെത്തൽ.


Similar Posts