< Back
Kerala
Court files non-bailable charges against producer PS Shamnas over fake case against Nivin Pauly
Kerala

നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമം: നിർമാതാവ് പി.എസ് ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി

Web Desk
|
15 Jan 2026 9:56 AM IST

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.

കോട്ടയം: നടന്‍ നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നിര്‍മാതാവ് പി.എസ് ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.

കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതിനും ബിഎന്‍എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള്‍ ചുമത്തി പി.എസ് ഷംനാസിനെതിരെ കേസെടുത്തു. വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

കോടതിയില്‍ സത്യം അറിയിക്കേണ്ട പി.എസ് ഷംനാസ് മനപൂര്‍വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും കോടതി. നീതിക്കായി പ്രൊസിക്യൂഷന്‍ നടപടി അനിവാര്യമെന്ന് പറ‍ഞ്ഞ കോടതി, നിർമാതാവ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും ഹാജരായി.

കഴിഞ്ഞവർഷം ജൂലൈ 29നാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എസ് ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരെയായിരുന്നു അന്വേഷണം.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു.

ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണാവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.

ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതിയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

Similar Posts