
സിനിമയിൽ കേസിന് ആസ്പദമായ സംഭവമാണെന്നുള്ളതിന് എന്താണ് തെളിവ്? വെഞ്ഞാറമ്മൂട്ട് കൂട്ടക്കൊല പ്രമേയമായ ചിത്രത്തിൽ കോടതി
|സമൂഹമാധ്യമങ്ങളിൽ വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമ്യത വിലയിരുത്താൻ സാധിക്കില്ല
കൊച്ചി: 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് മാറ്റണമെന്ന ഹരജിയിൽ സിനിമയിൽ കേസിന് ആസ്പദമായ സംഭവമാണെന്നുള്ളതിന് എന്താണ് തെളിവെന്ന് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിൽ വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമ്യത വിലയിരുത്താൻ സാധിക്കില്ല. സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും കോടതി ചോദിച്ചു. പ്രതി അഫാന്‍റെ പിതാവാണ് സിനിമക്കെതിരെ ഹരജി നൽകിയത്.
2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അഫാൻ ആണ് ഏക പ്രതി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.
പ്രതി അഫാനെതിരെ അമ്മ ഷെമി മൊഴി നല്‍കിയിരുന്നു..'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു.പിന്നീട് ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പൊലീസിന് മൊഴി നല്‍കിയിരുന്നു.കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ച പരിക്കായിരുന്നു എന്നാണ് ഷമി ആദ്യം മൊഴി നല്‍കിയിരുന്നത്. ജയിലില്‍ കഴിയവെ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.