
'കത്തില്‍ അക്ഷരത്തെറ്റില്ലാത്തത് അത്ഭുതകരം': പള്‍സർ സുനിയുടെ കൈപ്പടയിൽ നിർണായക നിരീക്ഷണങ്ങളുമായി കോടതി
|നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനമാണ് കോടതി വിധിയിലുള്ളത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പള്‍സർ സുനിയുടെ കൈപ്പടയെ കുറിച്ച് കോടതിയുടെ നിർണായക നിരീക്ഷണങ്ങള്‍. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില രേഖകളില്‍ സുനിയുടെ കൈപ്പട അവിശ്വസനീയമാണെന്ന് കോടതി.
സുനിയുടെ കത്തില്‍ അക്ഷരത്തെറ്റില്ലാത്തത് അത്ഭുതകരെന്നും കത്ത് വ്യക്തവും മനോഹരവുമായ കൈപ്പടിയില്ലാണെന്നും കോടതി. 2017 ല്‍ സുനി എഴുതിയ കത്തില്‍ നിരവധി അക്ഷരത്തെറ്റുകളെന്നും കോടതി. ഈ കത്ത് വായിക്കാന്‍ പ്രയാസമുള്ളതെന്നും പ്രോസിക്യൂഷന്‍ നേരത്തേ വാദിച്ചിരുന്നു. ഒരു വർഷത്തിനകം സുനിയുടെ കൈപ്പട ഇത്രയും മെച്ചപ്പെട്ടത് എങ്ങനെയെന്ന് കോടതി. ജയിലില്‍ സുനിക്ക് ഇത്തരത്തില്‍ വിദ്യാഭ്യാസം ലഭിച്ചതിന് തെളിവില്ല. സുനിയുടെ ഡയറിയിലും പോസ്റ്റ് കാർഡിലും കണ്ട കൈപ്പടയും വിവാദമായ കത്തിലും കണ്ട കൈപ്പടയും വ്യത്യസ്തമെന്നും കോടതി നിരീക്ഷണം.
സുനിയുടെ ഫോണ്‍ നമ്പറും വണ്ടി നമ്പരും രേഖപ്പെടുത്തിയ ഡയറിയിലെ കൈപ്പടയുമായി കത്തിന് സാമ്യമില്ല. പൊലീസ് മർദനത്തിന് ഇരയായെന്ന 2017ലെ സുനിയുടെ പരാതിയിലെ ഒപ്പും കൈപ്പടയും പരിശോധിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കത്ത് സംശയകരമായത് ഇതുകൊണ്ടാണെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവിൽ അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമർശനമാണുള്ളത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം കൃത്യമായി കോടതിയെ അറിയിച്ചില്ല. 2020 ജനുവരിയിൽ തന്നെ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറൻസിക് ലാബിൽ തിരിച്ചറിഞ്ഞിരുന്നു. അന്ന് തന്നെ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നു. 2022-ൽ മാത്രമാണ് താൻ ഇതറിഞ്ഞതെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും കോടതി.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസ് വീണ്ടും സജീവമാക്കാൻ പൊലീസ് നടത്തിയ നാടകമായിരുന്നെന്നും പരോക്ഷ വിമർശനം. ഹാഷ് വാല്യൂവിലുണ്ടായ മാറ്റം അതിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്നതിന്റെ സൂചനയല്ല. ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും കോടതി പറഞ്ഞു.