< Back
Kerala
Court strongly criticizes Antony Raju in Verdict
Kerala

ആന്റണി രാജുവിന്റേത് നീതി നിർവഹണത്തിന്റെ അടിത്തറയെ തകർക്കുന്ന നടപടിയെന്ന് കോടതി; വിധിപ്പകർപ്പ് മീഡിയവണിന്

Web Desk
|
3 Jan 2026 9:56 PM IST

'പ്രതികളുടെ പ്രവൃത്തി കേവലമൊരു ക്രമക്കേടല്ല. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്'.

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റേത് നീതി നിർവഹണത്തിന്റെ അടിത്തറയെ തകർക്കുന്ന നടപടിയെന്ന് കോടതി. തൊണ്ടിമുതൽ ആന്റണി രാജുവിന് കൈമാറിയത് കോടതിയുടെ അനുമതിയില്ലാതെയാണ്. കുറ്റമാണെന്ന് അറിഞ്ഞുതന്നെയാണ് ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയതെന്നും ഇത് ചെയ്തത് നീതിന്യായ വ്യവസ്ഥയോട് കൂറ് പുലർത്തേണ്ട അഭിഭാഷകനാണെന്നും ഉത്തരവിൽ പറയുന്നു. 84 പേജുള്ള വിധിപ്പകർപ്പിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

പ്രതികളുടെ പ്രവൃത്തി കേവലമൊരു ക്രമക്കേടല്ല. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണുണ്ടായതെന്നും നീതിയുടെ പരാജയമാണെന്നും കോടതി നിരീക്ഷിച്ചു. തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. തൊണ്ടിമുതൽ തിരിമറി കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ.

ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം തടവ്, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയെല്ലാം ചേർത്ത് പരമാവധി മൂന്ന് വർഷം അനുഭവിച്ചാൽ മതി.

കേസില്‍ രണ്ടാം പ്രതിയാണ് തിരുവനന്തപുരം മണ്ഡലത്തിൽനിന്നുള്ള നിയമസഭാം​ഗമായ ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു.

എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്. പിന്നീട് ആസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി.

സഹതടവുകാരന്‍ ആസ്ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പൊലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ.കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്.

Similar Posts