
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
|വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദുര്‍ഗ് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന യുവതികളെ മൊഴിമാറ്റി മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം ഉണ്ടെന്ന് സിബിസിഐ ആരോപിച്ചു. പിന്തുണയുമായി രാജ്യസഭാ എം.പി പി.സന്തോഷ് കുമാറും സി പി ഐ നേതാവ് ആനി രാജയും സിബിസിഐ ആസ്ഥാനത്തെത്തി.
വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.
നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.