< Back
Kerala
രണ്ട് സീറ്റുകളാണ് ആവശ്യപ്പെട്ടത്, നൽകുമെന്ന് യുഡിഎഫ് പരസ്യമായി പറഞ്ഞിട്ടുണ്ട്: സി.പി ജോൺ
Kerala

'രണ്ട് സീറ്റുകളാണ് ആവശ്യപ്പെട്ടത്, നൽകുമെന്ന് യുഡിഎഫ് പരസ്യമായി പറഞ്ഞിട്ടുണ്ട്': സി.പി ജോൺ

Web Desk
|
15 Feb 2026 2:51 PM IST

മലബാറിൽ വലിയ മാറ്റം കണ്ടുവെന്നും സി.പി ജോൺ പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടതായി സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ. പാർട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞുവെന്നും രണ്ട് സീറ്റ് യുഡിഎഫ് നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരവും കുന്ദമം​ഗലവുമാണ് പാർട്ടി ആവശ്യപ്പെട്ടത്. ഈ സീറ്റുകൾ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല. മലബാറിൽ വലിയ ഒരു മാറ്റം കണ്ടു. രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊച്ചിയില്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ തിരക്കിട്ട കൂടിയാലോചനകൾ ഇന്ന് നടന്നു. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരസ്യമായ സാഹചര്യത്തില്‍ ജോസ് കെ. മാണി മുന്നണി മാറാനുള്ള സാഹചര്യം വീണ്ടും രൂപപ്പെട്ടതായി നേതാക്കള്‍ വിലയിരുത്തി. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും യുഡിഎഫ് നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്ന് കെ. സി വേണുഗോപാല്‍ പറഞ്ഞു.

എറണാകുളം റസ്റ്റ് ഹൌസിലാണ് പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കെ.സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, വി.ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കളാണ് പങ്കെടുത്തത്. കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശന സാധ്യത നേരത്തേ അടഞ്ഞിരുന്നെങ്കിലും ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തില്‍ ഇനിയും അവസരമുണ്ടെന്ന് നേതാക്കള്‍ വിലയിരുത്തി. കേരള കോണ്‍ഗ്രസിനെ കൂടി പരിഗണിച്ചായിരിക്കും സീറ്റ് വിഭജന ചര്‍ച്ചകള്‍.

ആറ് സീറ്റിനായി ജോസഫ് ഗ്രൂപ്പ് നിര്‍ബന്ധം പിടിക്കുന്ന സാഹചര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. മുസ്ലിം ലീഗുമായി ഏതെങ്കിലും സീറ്റ് വെച്ച് മാറുന്ന കാര്യം തനിക്കറിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. നാളെ തിരുവനന്തപുരത്താണ് കെപിസിസി നേതൃയോഗം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഹൈക്കമാന്‍ഡ് നിശ്ചയിച്ച സ്ക്രീനിംഗ് കമ്മിറ്റിയുടെ യോഗം 21 നാണ്.

Similar Posts