< Back
Kerala
cpi expells cc mukundan from party
Kerala

സി.സി മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്

Web Desk
|
10 March 2026 6:45 PM IST

യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് മുകുന്ദന്‍ പറഞ്ഞിരുന്നു

തിരുവനന്തപുരം: പേയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നാട്ടിക എംഎല്‍എ സി.സി മുകുന്ദനെ പുറത്താക്കി സിപിഐ. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിപിഐ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിടാനുള്ള നീക്കത്തിനിടെയാണ് പുറത്താക്കല്‍. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് മുകുന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു.

നാട്ടികയില്‍ തനിക്ക് പകരം ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെയാണ് മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ഇത് പേയ്മെന്റ് സീറ്റ് ആണെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുകുന്ദനുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. മുകുന്ദനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നീക്കമുണ്ട്.

തനിക്കെതിരെ പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സി.സി മുകുന്ദന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് തന്നെ വെട്ടിയതെന്ന് പിന്നീട് വെളിപ്പെടുത്തും. നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Similar Posts