< Back
Kerala
പിഎം ശ്രീ പദ്ധതി; എം.എ ബേബിയുടെ നിസ്സഹായത വിഷമിപ്പിച്ചെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

പ്രകാശ് ബാബു Photo: MediaOne

Kerala

പിഎം ശ്രീ പദ്ധതി; എം.എ ബേബിയുടെ നിസ്സഹായത വിഷമിപ്പിച്ചെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

Web Desk
|
26 Oct 2025 11:16 AM IST

നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തിൽ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിക്കും. ഒത്തുതീർപ്പായില്ലെങ്കിൽ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സ്വീകരിക്കുക.

തിരുവനന്തപുരം: പിഎം ശ്രീയിലെ സിപിഐ യുടെ നിലപാട് ബിനോയ് വിശ്വം വ്യക്തമായി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തിമനിലപാട് നാളെ ചേരുന്ന യോ​ഗത്തിൽ അറിയാമെന്നും സിപിഐ നേതാവ് പ്രകാശ് ബാബു. വിഷയങ്ങൾ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ അറിയിച്ചെങ്കിലും ബേബിയുടെ നിസ്സഹായത വിഷമിപ്പിച്ചെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീയിൽ സിപിഐ എതിർപ്പ് അവ​ഗണിച്ചുകൊണ്ട് സർക്കാർ ഒപ്പുവെച്ച നീക്കത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എൻ.ഇ.പി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഉപാധിയാണ് പിഎം ശ്രീ. നിലവിൽ കേരളത്തിലെ സ്കൂളുകൾ എല്ലാം മികച്ച നിലയിലാണുള്ളത്. അതുകൊണ്ട് അടിസ്ഥാന വികസനത്തിന്റെ കാര്യം ഇവിടെ പറയേണ്ടതില്ല. ഡി.രാജ ഇന്നലെ ഭക്ഷണം പോലും കഴിക്കാൻ കാത്തുനിൽക്കാതെയാണ് എം.എ ബേബിയെ കണ്ടത്'. എന്നാൽ, ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ടിട്ടും ബേബി ഒന്നും പറഞ്ഞില്ലെന്നും ബേബിയുടെ നിസ്സഹായമായ മൗനം വിഷമിപ്പിച്ചെന്നും പ്രകാശ് ബാബു പറഞ്ഞു.

നേരത്തെ, പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സിപിഐ നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് ഇനി നിർണായകമാകും.വിദേശ പര്യടനത്തിനുശേഷം ഇന്ന് കേരളത്തിൽ മടങ്ങിയെത്തുന്ന മുഖ്യമന്ത്രി അനുനയ നീക്കംനടത്തുമെന്നാണ് സൂചന.പദ്ധതിയിൽ പിന്നോട്ടില്ലെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പദ്ധതിയിൽ എന്തുകൊണ്ട്ഒ പ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനായിരിക്കും മുഖ്യമന്ത്രിയും ശ്രമിക്കുക.

അതേസമയം, നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തിൽ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയേയും അറിയിക്കും.ഒത്തുതീർപ്പായില്ലെങ്കിൽ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സ്വീകരിക്കുക.

Similar Posts