
പറവൂര്‍ സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കുമെന്ന പ്രചാരണം തള്ളി സിപിഐ
|പറവൂരില്‍ സിപിഐ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചതായും പാര്‍ട്ടി ചുമതല നല്‍കിയതായും അരുണ്‍
കൊച്ചി: തുടര്‍ച്ചയായി അഞ്ചുതവണ എല്‍ഡിഎഫ് തോറ്റ പറവൂര്‍ സീറ്റ് സിപിഎമ്മിന് വിട്ടുകൊടുക്കുമെന്ന പ്രചാരണം തള്ളി സിപിഐ. പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട സിപിഐ മുതിര്‍ന്ന നേതാവിന് ചുമതലയും നല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് 2001 മുതല്‍ പറവൂരില്‍ നിന്നുള്ള എംഎല്‍എ.
യുഡിഎഫിന്‍റെ കുന്തമുനയായ സതീശനെ ഈ തെരഞ്ഞെടുപ്പില്‍ പറവൂരില്‍ തളച്ചിടണമെന്ന ആഗ്രഹം സിപിഎമ്മിലുണ്ട്. പറവൂരില്‍ അഞ്ചു തവണ സിപിഐ തോറ്റ സാഹചര്യത്തില്‍ സിപിഎം ഏറ്റെടുത്ത് മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് സിപിഎമ്മില്‍ ആലോചന നടന്നത്. എന്നാല്‍ ഈ സാധ്യതകളെയെല്ലാം തള്ളി പറവൂരില്‍ സിപിഐ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു.
പറവൂരില്‍ സതീശനെ തളച്ചിടാനുള്ള ആഗ്രഹം തുറന്നു പറയുന്ന സിപിഎം സീറ്റ് സിപിഐയില്‍ നിന്നും ഏറ്റെടുക്കാന്‍ നീക്കമില്ലെന്ന് വിശദീകരിക്കുന്നു. 2001 ല്‍ 7434 വോട്ടിന് വിജയിച്ച സതീശന്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21301 വോട്ടാണ് സതീശന്‍റെ ഭൂരിപക്ഷം.