< Back
Kerala
തെരഞ്ഞെടുപ്പ് പരാജയം: ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ
Kerala

തെരഞ്ഞെടുപ്പ് പരാജയം: ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ

Web Desk
|
17 Dec 2025 10:33 AM IST

വെള്ളാപ്പള്ളിയുടെ വർഗീയ പ്രചാരണം സമുദായ സൗഹാർദത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചതായും സന്തോഷ്കുമാർ എംപി മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ. തിരിച്ചടിയുടെ ഒരു കാരണം ശബരിമലയുമായി ബന്ധപ്പെട്ട വിവാദമാണെന്ന് സിപിഐ നേതാവ് പി.സന്തോഷ്കുമാർ എംപി മീഡിയവണിനോട് പറഞ്ഞു. പോറ്റിയുമായി ബന്ധപ്പെട്ട വിവാദം കേരളത്തിൽ ഏറ്റു. അറസ്റ്റിലായ പത്‌മകുമാറിനെതിരെ സിപിഎം നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ നന്നാകുമായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രചാരണം സമുദായ സൗഹാർദത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും സന്തോഷ്കുമാർ എംപി പറഞ്ഞു.

സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ പരിഗണിച്ചാൽ ഇത് അപ്രതീക്ഷിതമായ ഫലമാണെന്നും ഇതിനേക്കാൾ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ ഇടപ്പെട്ടില്ലെങ്കിലും അതൊരു പ്രചാരണ ആയുധമാക്കാൻ യുഡിഎഫിന് സാധിച്ചു. കേരളത്തിലും എസ്‌ഐആർ വരുമ്പോഴുണ്ടാകുന്ന സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില നേതാക്കളുടെ പ്രസ്താവനകളും മത ന്യൂനപക്ഷങ്ങൾക്കിടയിൽ ആഷ്നക്കുണ്ടാക്കിയതായും സന്തോഷ് കുമാർ എംപി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത് മുതൽ സിപിഐ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പന്തളത്തെയും സമീപ പ്രദേശങ്ങളിലെയും എൽഡിഎഫിന്റെ വിജയത്തെ ചൂണ്ടിക്കാട്ടിയാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പ് പരാജയത്തെ ബാധിച്ചിട്ടില്ല എന്ന വാദത്തിന് സിപിഎം പ്രതിരോധം തീർക്കുന്നത്. എൽഡിഎഫ് യോഗത്തിന് ശേഷവും സിപിഎം നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് സന്തോഷ് കുമാർ എംപിയുടെ പ്രതികരണം.

Similar Posts