< Back
Kerala
കേരള പൊലീസിന്റെ അടിത്തട്ട് മുതൽ ക്രിമിനൽ ബന്ധമുള്ളവരാണ്; സിപിഐ സംസ്ഥാന സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനും പൊലീസിനും രൂക്ഷവിമർശനം
Kerala

'കേരള പൊലീസിന്റെ അടിത്തട്ട് മുതൽ ക്രിമിനൽ ബന്ധമുള്ളവരാണ്'; സിപിഐ സംസ്ഥാന സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനും പൊലീസിനും രൂക്ഷവിമർശനം

Web Desk
|
11 Sept 2025 5:49 PM IST

പൊലീസിനെതിരെ പോസിറ്റീവായ വിമർശനങ്ങൾ മാത്രമാണ് ഉണ്ടായത് എന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ ആഭ്യന്തര വകുപ്പിനും പൊലീസിനും രൂക്ഷവിമർശനം. കേരള പൊലീസിന്റെ അടിത്തട്ട് മുതൽ മുകൾത്തട്ട് വരെ ക്രിമിനൽ ബന്ധമുള്ളവരാണ്. മൂന്നാമത് ഇടതുപക്ഷം ഭരണത്തിൽ വരാതിരിക്കുന്നു എങ്കിൽ അതിന്റെ കാരണം ആഭ്യന്തരവകുപ്പ് മാത്രമാണെന്നും അംഗങ്ങൾ വിമർശിച്ചു.

സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന വിമർശനവും പൊതു ചർച്ചയിൽ ഉയർന്നു. ആഭ്യന്തര വകുപ്പിനെതിരായ പരാമർശങ്ങൾ രേഖയുടെ ഭാഗമാക്കേണ്ടതില്ല എന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിൽ കടുത്ത വിമർശനങ്ങളാണ് പൊലീസിനെതിരെ ഉയർന്നുവന്നത്.

എം.ആർ അജിത് കുമാർ ക്രിമിനൽ ബന്ധത്തിന്റെ പ്രകടമായ തെളിവാണ്. പൂരം കലക്കിയതിൽ അജിത് കുമാറിന്റെ പങ്ക് സംബന്ധിച്ച് ഇപ്പോഴും സർക്കാരിന് സംശയമാണ്. ബിജെപിക്ക് അജിത് കുമാറുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിക്കുള്ള പ്രത്യേക താല്പര്യത്തിന് കാരണം. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ആർഎസ്എസ് ഫ്രാക്ഷനുകൾ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും സ്റ്റേഷനുകളിൽ ഇടി വാങ്ങുകയാണെന്നും ഒരംഗം പറഞ്ഞു. എന്നാൽ പൊലീസിനെതിരെ പോസിറ്റീവായ വിമർശനങ്ങൾ മാത്രമാണ് ഉണ്ടായത് എന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

കയറ്, കള്ള് ചെത്ത് വ്യവസായങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ കേരളത്തിൽ പെട്ടിക്കടകൾ പോലെ വിദേശ മദ്യശാപ്പുകൾ അനുവദിക്കുകയാണ്. ഇത് ഇടതു നയത്തിന് വിരുദ്ധമാണെന്നാണ് പൊതു ചർച്ചയിലെ മറ്റൊരു വിമർശനം. സിപിഐ ഭരിക്കുന്ന വകുപ്പുകളെ കൂച്ചുവിലങ്ങിട്ട് നീന്തൽ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലേറ്റാൽ പാടുപെട്ട കർഷക തൊഴിലാളികൾ സർക്കാർ മറന്നുവെന്ന് വിമർശനം ഉണ്ടായി. ഗവർണർ പദവി ഒഴിവാക്കണം എന്ന പ്രമേയം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചു.

Similar Posts