
'രാഷ്ട്രീയമായി കേസിനെ മാറ്റാൻ ശ്രമിച്ചാൽ രാഷ്ട്രീയമായി നേരിടും'; മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ
|കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ. രണ്ട് കമ്പനികൾക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായുള്ളതെന്നും രാഷ്ട്രീയമായി കേസിനെ മാറ്റാൻ ശ്രമിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നിൽക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
'എക്സാലോജിക് കേസ് വേറൊരു കേസാണ്. അത് എൽഡിഎഫിന്റെ കേസ് അല്ല. കമ്പനി ആരംഭിക്കാനുള്ള എല്ലാ അവകാശവും വീണയ്ക്കുണ്ട്. കമ്പനിയുടെ ഇടപാടിനെപ്പറ്റി സിപിഐക്ക് അറിയില്ല. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സിപിഐ ഒപ്പം നിൽക്കും. മകളുടെ കാര്യത്തിൽ സിപിഐക്ക് ബന്ധമില്ല' - ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരം പൊതു നുണകൾ പ്രചരിപ്പിക്കരുത്. ജനാധിപത്യത്തിന്റെ അർത്ഥം പൂർണമായും സിപിഐക്ക് അറിയാം. എന്നാൽ സംഘടിത നീക്കത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.