
സിപിഐ കുരയ്ക്കും, പക്ഷെ കടിക്കില്ല; ആക്ഷേപവുമായി ചെറിയാൻ ഫിലിപ്പ്
|45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ്
തിരുവന്തപുരം: സിപിഐ കുരയ്ക്കും, പക്ഷെ കടിക്കില്ല എന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സിപിഐ കുരക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടുകയും ഛർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ്. പിഎം ശ്രീയിൽ സിപിഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം-ബിജെപി രഹസ്യബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് സിപിഐയേക്കാൾ വലുതാണ് ഇപ്പോൾ ആർഎസ്എസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെപ്പിച്ചത്. ആർഎസ്എസിൻ്റെ പൊളിറ്റിക്കൽ അജണ്ട അടിച്ചേല്പിക്കുകയാണ്. കോൺഗ്രസ് അതി ശക്തമായി എതിർത്ത പദ്ധതിയാണിത്. പൊതു വിദ്യാഭ്യാസ രംഗത്ത് രണ്ട് തരം സ്കൂളുകളാണ് വരാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയെ പോലും എതിർത്താണ് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തത്. കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങൾ ഒപ്പു വച്ചപ്പോൾ ഈ വ്യവസ്ഥകൾ ഇല്ലായിരുന്നു. മന്ത്രിസഭയിൽ പോലും ചർച്ചയാകാതെ എടുത്ത തീരുമാനമാണ്. പണം വാങ്ങുന്നതിൽ എതിർപ്പില്ലെന്നും നിരുപാധികം ഒപ്പുവയ്ക്കരുതെന്നാണ് കോൺഗ്രസ് നിലപാട് എന്നും വി.ഡി സതീശൻ പറഞ്ഞു.