< Back
Kerala
CPIM leader Arrested for attack women and boy in Thiruvananthapuram
Kerala

കടയിലെത്തി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവം; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

Web Desk
|
21 Sept 2024 4:05 PM IST

പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: കടയിൽ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവത്തിൽ സിപിഎം നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയാണ് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടുകടയിലെത്തി രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളനാട്ടെ കടയുടമയായ ​ഗീതയാണ് പരാതി നൽകിയത്.

ഇന്നലെയാണ് സംഭവം. തട്ടുകടയിൽ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികിൽ ഒരു ബോർഡ് വച്ചിരുന്നു. ഈ ബോർഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ ശശി ഇവിടെയെത്തുന്നത്.

തുടർന്ന് കടയുടമയായ ഗീത, മരുമകൾ, ചെറുമകൻ എന്നിവരെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ, കൈയിലിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിപ്പറിക്കുന്നതിനിടെ കുട്ടിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


Similar Posts