< Back
Kerala
ദീപം പേരിലുള്ള കോട്ടയം പത്രം സാമുദായിക ചേരിതിരിവിന് തീപകരുന്നു:   വിമർശനവുമായി ദേശാഭിമാനി
Kerala

'ദീപം' പേരിലുള്ള കോട്ടയം പത്രം സാമുദായിക ചേരിതിരിവിന് തീപകരുന്നു: വിമർശനവുമായി ദേശാഭിമാനി

Web Desk
|
20 Sept 2021 10:48 AM IST

'ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നു'

പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയെ തുടർന്നുള്ള മുതലെടുപ്പ്‌ ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ ആളിക്കത്തിക്കാൻ ഒരു കോട്ടയം പത്രം ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മുതലെടുപ്പുകാർക്ക്‌ ഉപയോഗിക്കാവുന്ന നിലയിലാണ്‌ പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവുമെന്ന് ദീപികയുടെ പേര് പരോക്ഷമായി പരാമര്‍ശിച്ച് ദേശാഭിമാനി കുറ്റപ്പെടുത്തി.

പേരിലെ 'ദീപം' സമൂഹത്തിന്‌ വെളിച്ചം പകരാനാണ്‌ ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടതെന്ന് ദേശാഭിമാനി ഓര്‍മിപ്പിക്കുന്നു. ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നതാണിവ. രാഷ്‌ട്രീയ നിലപാട്‌ തുറന്നു പറയുമ്പോഴും കാലുഷ്യത്തിന്‌ വളമിട്ട്‌ കൊടുക്കാറില്ല മാധ്യമങ്ങൾ. എന്നാൽ പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്റെ റിപ്പോർട്ടുകളിൽ പലതും സാമുദായിക ചേരിതിരിവിന്‌ 'തീ ' പകരുന്നതാണ്‌. കാന്ധമാലും സ്‌റ്റാൻസ്വാമിയും ഗ്രഹാംസ്‌റ്റെയിനും കുട്ടികളും 98ൽ തെക്കൻ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങൾ ഉണ്ടായി. 20 പള്ളി ഒന്നിച്ച്‌ സംഘപരിവാർ കത്തിച്ചതും ചരിത്രമാണ്‌. ഇതൊക്കെ മറന്നതായി നടിച്ച്‌ പത്രം പറയുന്നത് ലവ്, നർകോട്ടിക്‌ ജിഹാദ്‌ ഇല്ലാതാക്കാൻ യുട്യൂബ്‌ നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത്‌ കേട്ടും അന്വേഷിക്കണമെന്നാണ്.

അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്‌ ബിഷപ് പങ്കുവച്ചതെന്നും ഏതെങ്കിലും മതത്തിന്‌ എതിരല്ലെന്നും പാലാ സഹായമെത്രാൻ ജേക്കബ് മുരിക്കനും കത്തോലിക്കാ കോൺഗ്രസും വിശദീകരിച്ചതാണെന്ന് ദേശാഭിമാനി പറയുന്നു. സമുദായ നേതാക്കൾ പറയുന്നതും ബാധകമല്ലാത്ത വിധമാണ്‌ പത്രത്തിന്റെ ജൽപ്പനം. സ്‌പർധവളർത്താനുള്ള നീക്കത്തിനെതിരെ ക്രൈസ്‌തവ സമൂഹത്തിൽ നിന്ന്‌ തന്നെ നിരവധി പേർ രംഗത്തുവന്നു. മയക്കുമരുന്നിന്റെ വ്യാപനം ഏതെങ്കിലും മതത്തെ മാത്രമല്ല എല്ലാവർക്കും ദോഷമുണ്ടാക്കും. അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സർക്കാരിന്റെ നിർദേശമാണ്‌ ബഹുഭൂരിപക്ഷവും ചെവിക്കൊണ്ടത്‌. അതുകൊണ്ടാകാം അവസരം കിട്ടിയപ്പോഴൊക്കെ പത്രം സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഇല്ലാക്കഥയുടെ വാളെടുത്തത്‌. ചിലർക്ക്‌ പഴയ വിരോധം തികട്ടി വരുന്നുണ്ടാകാം. പക്ഷെ, അത്‌ സമൂഹത്തിലെ സൗഹാർദ അന്തരീക്ഷം തകർക്കാനാകരുതെന്നും ദേശാഭിമാനിയിലെ റിപ്പോര്‍ട്ട് പറയുന്നു.

Similar Posts