< Back
Kerala
പ്രതിഷേധം അതിര് വിടരുത്: പ്രവര്‍ത്തകരോട് സി.പി.എം
Kerala

'പ്രതിഷേധം അതിര് വിടരുത്': പ്രവര്‍ത്തകരോട് സി.പി.എം

Web Desk
|
1 July 2022 11:11 AM IST

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് നിര്‍ദേശം നല്‍കിയത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതിനെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് പ്രവര്‍ത്തകരോട് സി.പി.എം. ഒരിടത്തും പ്രതിഷേധം അതിരു വിടരുന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി. ജാഗ്രത പുലർത്താൻ ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു.

ഇന്നലെ അര്‍ധരാത്രിയാണ് എ.കെ.ജി സെന്‍ററിനു നേരെ ബൈക്കിലെത്തിയ ആള്‍ സ്ഫോടകവസ്തു എറിഞ്ഞത്. എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ലഭിച്ച ദൃശ്യത്തിൽ നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു. വലിയ ശബ്ദം കേട്ടെന്ന് പി.കെ ശ്രീമതി പറഞ്ഞു. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

അപലപിച്ച് മുഖ്യമന്ത്രി

എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മഹാനായ എകെജിയും അദ്ദേഹത്തിന്‍റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Similar Posts