< Back
Kerala
വോട്ടർപട്ടിക തീവ്ര പരിശോധനയ്ക്കെതിരെ  സിപിഎമ്മും സുപ്രീംകോടതിയെ സമീപിക്കും: എം.വി ഗോവിന്ദൻ
Kerala

വോട്ടർപട്ടിക തീവ്ര പരിശോധനയ്ക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയെ സമീപിക്കും: എം.വി ഗോവിന്ദൻ

Web Desk
|
15 Nov 2025 3:55 PM IST

നിയമ യുദ്ധം എത്രത്തോളം പോകാൻ കഴിയുമോ അത്രത്തോളം പോകുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിശോധനയ്ക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരും സിപിഎമ്മും എസ്ഐആറിന് എതിരാണ്. രാഷ്ട്രീയ വിയോജിപ്പ് തുടരുന്നപ്പോഴും എസ്ഐആർ നടപടികളുമായി സഹകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

വോട്ടർപട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. നടപടികളിൽ നിന്ന് മാറി നിന്നാൽ കേരളത്തിൽ വലിയ രീതിയിലുള്ള വോട്ട് ചോർച്ചയുണ്ടാകും. ഫോം വിതരണം പോലും ഫലപ്രദമായി നടപ്പിലാക്കാൻ ഇലക്ഷൻ കമ്മീഷന് കഴിഞ്ഞിട്ടില്ല. നിയമ യുദ്ധം എത്രത്തോളം പോകാൻ കഴിയുമോ അത്രത്തോളം പോകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി സിപിഎം എസ്ഐആറിന് എതിരാണ്. സർക്കാരും സിപിഎമ്മും സുപ്രീംകോടതിയിൽ ഹർജി നൽകും. സിപിഎം പ്രത്യേകമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.

ബിഹാർ പരാജയത്തെ മതനിരപേക്ഷ ശക്തികൾ ശരിയായി വിലയിരുത്തി പോകണം. എസ്ഐആറിലൂടെ ലക്ഷക്കണക്കിനാളുകളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടു. ഇവിഎം മെഷീൻ പോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയ അജണ്ട തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കിയെന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്. വർഗീയ പ്രചാരണവും പണക്കൊഴുപ്പും കൊണ്ടുണ്ടാക്കിയ നേട്ടമാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റ വന്നശേഷം സ്ത്രീകൾക്കായി 10000 രൂപ പ്രഖ്യാപിച്ചത്. നിരവധി സീറ്റുകളിലാണ് കോൺഗ്രസ് വിമത സ്ഥാനാർത്ഥികളെ നിർത്തിയത്. കോൺഗ്രസ് ഫലപ്രദമായി കൈകാര്യം ചെയ്യാത്തതിനാലാണ് ബിജെപിക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടത്. വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺ​ഗ്രസിൻ്റെ രണ്ടാമത്തെ നേതാവായ കെ. സി വേണുഗോപാൽ ബീഹാർ തിരഞ്ഞെടുപ്പിൽ കേരളത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് നേരത്തെ തയ്യാറായതായും അദ്ദേഹം പറഞ്ഞു. രണ്ട് വിഭാഗങ്ങളെയാണ് തെരഞ്ഞെടുപ്പിൽ നേരിടുന്നത്. ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ സഖ്യത്തിൽ മത്സരിക്കുന്ന യു‍ഡിഎഫിനും ഹിന്ദുത്വ വർഗീയത മുന്നോട്ട് വെക്കുന്ന ബിജെപിക്കെതിരെയാണ്

എൽ‍ഡിഎഫ് മത്സരം. മതനിരപേക്ഷ നിലപാട് മുന്നോട്ട് വെച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാകും എൽഡിഎഫ് പ്രകടന പത്രികയെന്നും അദ്ദേഹം പറഞ്ഞു.

Similar Posts