< Back
Kerala
സിപിഎം പ്രവർത്തകൻ യു.കെ സലീമിന്റെ കൊലപാതകം; കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് പിതാവ്
Kerala

സിപിഎം പ്രവർത്തകൻ യു.കെ സലീമിന്റെ കൊലപാതകം; കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് പിതാവ്

Web Desk
|
19 Jan 2025 8:50 AM IST

'മകൻ്റെ കൊലപാതകത്തിന് ഫസൽ വധക്കേസുമായി ബന്ധമുണ്ട്, രണ്ടു മരണങ്ങളിലും സമ​ഗ്ര അന്വേഷണം വേ‌ണം'

കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് പിതാവ് കെ.പി യൂസഫ് പറഞ്ഞു. സലീമിനും സുഹൃത്ത് റയീസിനും ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങൾ അറിയാമായിരുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നും സലിമിന്റെ പിതാവ് മീഡിയവണിനോട് പറഞ്ഞു. വിചാരണക്കിടെ പിതാവ് നൽകിയ മൊഴിയുടെ പകർപ്പും മീഡിയവണിന് ലഭിച്ചു.

മകൻ്റെ കൊലപാതകത്തിന് ഫസൽ വധക്കേസുമായി ബന്ധമുണ്ട്. രണ്ടു മരണങ്ങളിലും സമ​ഗ്ര അന്വേഷണം വേ‌ണമെന്നും പിതാവ് പറഞ്ഞു. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്ത് സലീം കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ ഒരു സംഘം ആളുകൾ സലീമിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് സലീമിൻ്റെ പിതാവ് തുടക്കം തൊട്ട് ആരോപണമുന്നയിച്ചിരുന്നു. കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചെങ്കിലും അതൊന്നും നടന്നില്ല.

പിന്നീട് ലോക്കൽ പൊലീസിൽ നിന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് എൻഡിഎഫ് പ്രവർത്തകരായ അഞ്ചുപേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കേസിൻ്റെ വിചാരണ നടപടികൾ തലശേരി സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുദിവസം മുൻപ് നടന്ന വിചാരണക്കിടെയാണ് പിതാവ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

Related Tags :
Similar Posts