
'സ്ഥിരതാമസമുള്ള വിലാസത്തിലല്ല വോട്ട്'; തിരുവനന്തപുരം കോർപറേഷൻ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സിപിഎം
|സിപിഎമ്മിന് പരാജയഭീതിയാണെന്നും ആശങ്കകളില്ലെന്നും വൈഷ്ണ സുരേഷ് മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സിപിഎം. സ്ഥിരതാമസമുള്ള വിലാസത്തിലല്ല യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വോട്ട് എന്നാണ് പരാതി. ഇക്കാര്യം ഉന്നയിച്ച് തിരുവനന്തപുരം കോർപറേഷനിൽ സിപിഎം പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വൈഷ്ണയെ ഹിയറിങ്ങിനായി വിളിക്കുകയും ഇന്ന് കോർപറേഷനിൽ ഹാജരാവുകയും ചെയ്തു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയാണ് വൈഷ്ണ സുരേഷ്.
സിപിഎമ്മിന് പരാജയഭീതിയാണെന്നും ആശങ്കയില്ലെന്നും വൈഷ്ണ സുരേഷ് മീഡിയവണിനോട് പറഞ്ഞു. തനിക്കെതിരെ മാത്രമല്ല ഒട്ടുമിക്ക കോൺഗ്രസുക്കാർക്കെതിരെയും സിപിഎം പരാതികൊടുത്തിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ താൻ അവിടെ നിന്നും വോട്ട് ചെയ്തതാണ്. സ്ഥാനാർഥി ആയതിന് ശേഷം മാത്രം പരാതി ഉന്നയിച്ചത് എന്തു കൊണ്ടാണെന്ന ചോദ്യമാണ് തങ്ങൾ ഉന്നയിച്ചത്. പതിനാലാം തീയതി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വോട്ട് ഉണ്ടോ എന്ന് അറിയാം എന്ന മറുപടിയാണ് അധികൃതരിൽ നിന്നും ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനം തടസപ്പെടുത്തുകയാണ് സിപിഎം ലക്ഷ്യം. അത് നടക്കില്ലെന്നും വൈഷ്ണ പറഞ്ഞു.
തൻ്റെ അച്ഛൻ ജനിച്ചു വളർന്ന വീടുള്ള വിലാസമാണത്. കുഞ്ഞുന്നാൾ മുതൽ താൻ വളരുന്നതും അവിടെയാണ്. തൻ്റെ എല്ലാ ഐഡി പ്രൂഫുകളും അതേ വിലാസത്തിൽ തന്നെയാണ് ഉള്ളത്. അത് തെളിയിക്കാനുള്ള രേഖകളും കയ്യിലുണ്ട്. അത് കൊണ്ട് തന്നെ ആശങ്കകളില്ലെന്നും വൈഷ്ണ പ്രതികരിച്ചു,