
'താലിബാന്റെ ആശയവും ബഹുസ്വരതക്ക് കേടുവരുത്തുന്ന സിദ്ധാന്തങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ദാറുൽ ഹുദ ചെയ്യുന്നത്'; ആരോപണവുമായി സിപിഎം ഏരിയാ കമ്മിറ്റി അംഗം
|സമസ്തയുടെ സ്ഥാപനമായ ദാറുൽ ഹുദയിലേക്ക് കഴിഞ്ഞ ദിവസം സിപിഎം മാർച്ച് നടത്തിയിരുന്നു.
ചെമ്മാട്: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാർച്ചിൽ സ്ഥാപനത്തിനെതിരെ താലിബാൻ ആരോപണവുമായി സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗം പി.കാർത്തികേയൻ. താലിബാന്റെ ആശയങ്ങളും ബഹുസ്വരതക്ക് കേടുവരുത്തുന്ന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു കാർത്തികേയൻ.
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ രക്ഷപ്പെടുത്താൻ ഒരു മതപണ്ഡിതൻ ശ്രമിച്ചപ്പോൾ ദാറുൽ ഹുദയിൽ പഠിച്ച ഒരു വ്യക്തി അതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ഈ സ്ഥാപനം പ്രകൃതിയെ നശിപ്പിക്കുന്നത് പോലെ തന്നെ കേരളത്തിന്റെ ബഹുസ്വരതക്ക് കേട് വരുത്തുന്നതാണ്.
പ്രവാചകന്റെ കാലം മുതൽ ഇസ്‌ലാം കേരളത്തിലുണ്ട്. വളരെ സൗഹാർദത്തോടെയാണ് കേരളത്തിൽ മുസ്‌ലിംകൾ താമസിച്ചുവരുന്നത്. എന്നാൽ ചില താലിബാനിസ്റ്റുകൾ, അതായത് ലോകത്താകെ സോഷ്യലിസ്റ്റ് ചേരിയെ തകർക്കാൻ സിഐഎയുടെ പാഠശാലയിൽ തയ്യാറാക്കിയ ഇസ്‌ലാമിക വിദ്യാഭ്യാസം നടത്തിയ ആളുകൾ കേരളത്തിലും അത് കൊണ്ടുവരുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഒരു ഘടകമാണ്. തീവ്ര സലഫികൾ ആ ആശയത്തിന്റെ ആളുകളാണ്. ആ ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ബഹാഉദ്ദീൻ നദ്‌വിയുടെ നേതൃത്വത്തിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയാത്ത തരത്തിലുള്ള സിദ്ധാന്തങ്ങളും തിയറികളും പുത്തൻ ആശയങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. അപ്പോൾ ഇവർ ഈ നാടിനെ കൂടി മലിനമാക്കുകയാണെന്നും കാർത്തികേയൻ ആരോപിച്ചു.