
വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയാ സമ്മേളനം; കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി
|ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരും പൊലീസ് മേധാവിയും വിശദീകരണം നൽകണം. സ്റ്റേഷൻ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി നൽകിയത്. എന്തായിരുന്നു പരിപാടി, ആരൊക്കെ പങ്കെടുത്തുവെന്ന് ചോദിച്ച ഡിവിഷൻ ബെഞ്ച്, പൊലീസ് സ്റ്റേഷന്‍റെയും കോടതിയുടെയും തൊട്ടടുത്തല്ലേ പരിപാടി നടന്നതെന്നും വിമർശിച്ചു. വിഷയത്തിൽ കേസെടുത്തിട്ടുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പുറപ്പെടുവിപ്പിച്ച സർക്കുലറുകൾ കോൾഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ മതിയായ രേഖകൾ സഹിതം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഡിവിഷൻ ആവശ്യപ്പെട്ടു.