
Photo| Special Arrangement
വയോധികയുടെ മാല പൊട്ടിച്ചു; കൂത്തുപറമ്പിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ
|പിറകിലൂടെ വന്ന് കഴുത്തിൽ പിടിച്ച ശേഷം ഒരു പവനോളം തൂക്കം വരുന്ന മാല പൊട്ടിക്കുകയായിരുന്നു.
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ സിപിഎം കൗൺസിലർ പിടിയിൽ. നാലാം വാർഡ് കൗൺസിലർ പി.പി രാജേഷ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കണിയാർകുന്ന് സ്വദേശിയായ ജാനകിയെന്ന വയോധിക അടുക്കളഭാഗത്തിരുന്ന് മീൻ മുറിക്കുന്നതിനിടെയായിരുന്നു കവർച്ച.
പിറകിലൂടെ വന്ന് കഴുത്തിൽ പിടിച്ച ശേഷം ഒരു പവനോളം തൂക്കം വരുന്ന മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം നിലത്ത് പൊട്ടിവീഴുകയും ചെയ്തു. ജാനകിയുടെ നിലവിളി കേട്ട് ബന്ധുക്കളും അയൽവാസികളും സ്ഥലത്തെത്തിയതോടെ ഇയാൾ ഓടിരക്ഷപെടുകയായിരുന്നു.
പാന്റും ഷർട്ടും ഹെൽമറ്റും ധരിച്ചിരുന്നു എന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന വിവരം. കവർച്ചയ്ക്ക് ശേഷം ബൈക്കിലാണ് രക്ഷപെട്ടതെന്നും വയോധിക പറഞ്ഞിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.
അതേസമയം, മോഷണക്കേസിൽ അറസ്റ്റിലായ കൗൺസിലറെ സിപിഎം പുറത്താക്കി. പാർട്ടിയുടെ യശസിന് കളങ്കം വരുത്തിയതിന് പാർട്ടി അംഗത്വത്തിൽ പുറത്താക്കുന്നതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.