
'ഒരു വാർ റൂം കൊടുക്കാനുണ്ട്, ആവശ്യക്കാരുണ്ടോ?'; ബിഹാറിലെ കോൺഗ്രസ് തോൽവി ആഘോഷമാക്കി സിപിഎം സൈബർ ടീം
|ബിജെപി സൈബർ ടീം രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ സ്ഥിരമായി ഉപയോഗിക്കുന്ന 'ഖതം, ബൈ ബൈ...ഗുഡ് ബൈ..ഗയ' എന്ന പ്രസംഗത്തിന്റെ ഭാഗമാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്
കോഴിക്കോട്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി ആഘോഷമാക്കി സിപിഎം സൈബർ ടീം. ബിനീഷ് കോടിയേരി, പി.സരിൻ തുടങ്ങി സാധാരണ സൈബർ പോരാളികൾ വരെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും പരിഹസിച്ച് രംഗത്തെത്തി. ബിജെപി സൈബർ ടീം രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ സ്ഥിരമായി ഉപയോഗിക്കുന്ന 'ഖതം, ബൈ ബൈ...ഗുഡ് ബൈ..ഗയ' എന്ന പ്രസംഗത്തിന്റെ ഭാഗമാണ് ബിനീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
'ഒരു വാർ റൂം കൊടുക്കാനുണ്ട്, ആരെങ്കിലും ആവശ്യക്കാരുണ്ടോ?' എന്ന ക്യാപ്ഷനിൽ വാർ റൂമിന്റെ ഫോട്ടോയും തേജസ്വി യാദവ് രാഹുൽ ഗാന്ധിയുടെ തലയുടെ ഭാഗമുള്ള ശിൽപം പിടിച്ചു വരുന്ന എഐ വീഡിയോയും ബിനീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇൻഡ്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവർ വീണ്ടും വീണ്ടും ഇന്ത്യയെ തോൽപ്പിക്കുകയാണെന്ന് പി.സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ജനത്തെ അറിയാത്തവർ ഏതോ ഭൂതകാലക്കുളിരിന്റെ പേരിൽ നയിക്കാൻ ഇനിയും മുന്നിൽ നിൽക്കരുത്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാൽ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ യോഗ്യതയില്ലാത്ത കോൺഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാൻ നിൽക്കരുത്. ബിജെപിയുടെ തീവ്രവാദ വർഗീയ അജണ്ടകളെ തോൽപ്പിക്കാൻ അതത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികൾക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുൽ ഗാന്ധിക്ക് മുന്നിൽ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയമെന്നും സരിൻ പറഞ്ഞു.
''ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിനും പിന്നിൽ, 2026ൽ കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി- എസ്ഡിപിഐ സഖ്യത്തെ കൂട്ടുപിടിക്കുന്ന ലീഗിന്റെ പിന്നിലാവും''- എന്നാണ് മറ്റൊരു പോസ്റ്റ്.
ഇന്ത്യയിൽ ബിജെപിക്ക് ബദൽ ഇല്ലെന്ന് മനസ്സിലാകാത്തവരാണ് കോൺഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവർ. ഇന്ത്യയിൽ ഒരു ബദൽ ഉണ്ടാക്കാൻ ഒരാഴ്ച പട്ടായയിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാകാത്ത ഈ പാൽകുപ്പി (രാഹുൽ ഗാന്ധി)ക്ക് കഴിയില്ല എന്നാണ് ടിറ്റോ ആന്റണി എന്ന സിപിഎം സൈബർ പോരാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചും പരിഹസിച്ചുമുള്ള മൂന്ന് ഫേസ്ബുക്ക് കുറിപ്പുകളാണ് ഇയാൾ പോസ്റ്റ് ചെയ്തത്.
സിപിഎം അനുകൂല സൈബർ പേജുകളിലും രാഹുലിനും കോൺഗ്രസിനും എതിരായ പരിഹാസങ്ങളാണ് നിറഞ്ഞത്. 'കോൺഗ്രസിനെ പൂർണമായി തഴയാതെ ഇന്ത്യയിൽ ബിജെപിക്ക് ബദൽ ഉണ്ടാക്കാൻ കഴിയില്ല. കോൺഗ്രസിന്റെ മാത്രമല്ല പ്രതിപക്ഷ മുന്നണിയുടെയും അന്ധക വിത്താണ് രാഹുൽ ഗാന്ധി'- സോഷ്യൽ അവയർനെസ് എന്ന പേജിൽ പറയുന്നു.