
'സിപിഎമ്മിന് വർഗീയ നിലപാട്'; കൊല്ലത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു
|മുപ്പത് വർഷത്തെ പാർട്ടി ബന്ധമുള്ള സുജ ചന്ദ്രബാബു മൂന്ന് തവണ സിപിഎമ്മിന്റെ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായിരുന്നു
കൊല്ലം: കൊല്ലത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു. സിപിഎമ്മിന്റെ വർഗീയ നിലപാടുകൾ കാരണമാണ് പാർട്ടി വിട്ടതെന്നും ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ സ്വന്ത ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണെന്നും സുജ പറഞ്ഞു. സാദിഖലി തങ്ങളിൽ നിന്ന് സുജ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. തെക്കൻ കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗിൽ വിസ്മയമുണ്ടാകുന്നത് തെക്കൻ ജില്ലകളിലാണെന്ന് സാദിഖലി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. കൊട്ടാരക്കര സമ്മേളനത്തിലും അതിന് ശേഷം നടന്ന കൊല്ലം സമ്മേളനത്തിലും സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുജ ചന്ദ്രബാബു. സിപിഎമ്മിലുണ്ടായിരുന്ന വർഗീയ ഫാസിസ്റ്റ് നിലപാടുകൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് താൻ ലീഗിൽ ചേരുന്നതെന്നും സുജ പറഞ്ഞു.
മുപ്പത് വർഷത്തെ പാർട്ടി ബന്ധമുള്ള സുജ ചന്ദ്രബാബു മൂന്ന് തവണ സിപിഎമ്മിന്റെ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.